'ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു...'; രാഹുല്‍ വിഷയത്തിനിടെ ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിച്ച് ജെ.എസ്. അഖില്‍

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ | ചിത്രം: വിവേക് ആർ. നായർ, മാതൃഭൂമി | ജെ.എസ്. അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
രാഹുൽ മാങ്കൂട്ടത്തിൽ | ചിത്രം: വിവേക് ആർ. നായർ, മാതൃഭൂമി | ജെ.എസ്. അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയായി കെപിസിസി അംഗം ജെ.എസ്. അഖില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

'ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു...' - എന്നാണ് അഖില്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2023-ല്‍ അഖിലിനെ പിന്തള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. അന്ന് രാഹുലിനെ പിന്തുണച്ചത് ഷാഫി പറമ്പില്‍ എംപിയും അഖിലിനെ പിന്തുണച്ചത് ഉമ്മന്‍ ചാണ്ടിയുമായിരുന്നു. ഇക്കാര്യമാണ് അഖില്‍ തന്റെ പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത് എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 

കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന ജെ.എസ്. അഖിലിനെ തള്ളി, തനിക്ക് വേണ്ടപ്പെട്ട രാഹുലിനെ ഷാഫി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കൊണ്ടുവരുന്നു എന്ന ആരോപണങ്ങള്‍ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമയത്ത് ഉയര്‍ന്നിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചിരുന്നത്.

സ്ഥാനം ഒഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യം കൂടി പരിഗണിക്കണം എന്നായിരുന്നു ഷാഫി അന്ന് ആവശ്യപ്പെട്ടത്. സാമൂഹികമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും സജീവമായി ഇടപെടുന്നയാള്‍ എന്ന തരത്തിലായിരുന്നു ഷാഫി, രാഹുലിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്.

അതേസമയം, കെഎസ്‌യു പ്രസിഡന്റ് സ്ഥാനവും എന്‍എസ്‌യു പ്രസിഡന്റ് സ്ഥാനവും നല്‍കാതെ ഒഴിവാക്കിയിട്ടും ഗ്രൂപ്പ് വിട്ടുപോകാതെ നിന്നിരുന്ന അഖിലിനെയായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി പിന്തുണച്ചത്. അഖിലിന്റെ ഈ ആത്മാര്‍ത്ഥത കാണാതെ പോകരുതെന്ന് ഉയര്‍ത്തിക്കാട്ടി ബെന്നി ബെഹനാനും കെ. ബാബുവുമാണ് ജെ.എസ്. അഖിലിനുവേണ്ടി വാദിച്ചത്. എന്നാല്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നറുക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന് തന്നെ വീഴുകയായിരുന്നു.

രാഷ്ട്രീയരംഗത്തെ രാഹുലിന്റെ വളര്‍ച്ചയിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു ഇത്. ഇന്ന്, നിരവധി ലൈംഗികാരോപണങ്ങളില്‍പെട്ട് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം നഷ്ടപ്പെടുകയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം കൈയൊഴിയുകയും എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തിലുമാണ് രാഹുല്‍ എത്തി നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ജെ.എസ്. അഖില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചര്‍ച്ചയാകുന്നത്.

Content Highlights: A Facebook post by JS Akhil, referencing Oommen Chandy, has ignited discussions within the Congress party amidst the Rahul Mamkoottathil controversy.