അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു

#ന്യൂസ് ഡെസ്ക്
രാഹുൽ ഈശ്വറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
രാഹുൽ ഈശ്വറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പരാതിക്കാരിയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാംപ്രതിയാണ്.

രാഹുല്‍ ഈശ്വറിനെ നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രത്യേകസെല്ലിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടരുന്നത് മുന്‍നിര്‍ത്തിയായിരുന്നു നടപടി.

ഇതിനിടെ രാഹുല്‍ ഈശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയിലും ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയിലെ ജാമ്യ ഹര്‍ജി പിന്‍വലിച്ച ശേഷമാണ് വാദം കേട്ടത്.

Content Highlights: Rahul Easwar Denied Bail: Court Cites Non-Cooperation in Victim Defamation Case