അച്ഛന്‍ ആക്രി വിറ്റ് പഠിപ്പിച്ചു; കാര്‍ഷികശാസ്ത്രജ്ഞനാകാന്‍ മകന്‍

കോട്ടയം: ആക്രിവിറ്റും മണ്ണുചുമന്നുമാണ് അച്ഛന്‍ അജിത്തിനെ പഠിപ്പിച്ചത്. പലകയടിച്ചതായിരുന്നു വീട്. കോട്ടയത്തെ വഴിയോരങ്ങളില്‍നിന്ന് അച്ഛന്‍ വാങ്ങിക്കൊടുത്ത വസ്ത്രങ്ങളായിരുന്നു അവന്റെ ആഡംബരം.
പ്രാരാബ്ധങ്ങള്‍ക്കുനടുവില്‍ വളര്‍ന്ന അജിത്ത്, രാജ്യത്തെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ നിരയിലേക്കുയരുകയാണ്. അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്കോടെയാണ് അജിത്തിന്റെ വിജയം. ഐ.സി.എ.ആറില്‍ സയന്റിസ്റ്റ് (ബി) ആയി നിയമനം ലഭിക്കും.
കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ആണ്ടൂര്‍ ഹൗസില്‍ എ. മുരുകേശന്റെയും സരസ്വതിയുടെയും മകനാണ് 31-കാരനായ എം. അജിത്ത്. 45 വര്‍ഷംമുന്‍പ് തമിഴ്നാട്ടിലെ തെങ്കാശിയില്‍നിന്നാണ് കുടുംബം കോട്ടയത്തെത്തിയത്.
കോട്ടയം വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലായിരുന്നു പത്താംക്ലാസുവരെ അജിത്തിന്റെ പഠനം. സ്‌കൂളധികൃതര്‍ പലമാസവും ഫീസൊഴിവാക്കി ഒപ്പംനിന്നു. എം.ഡി. സെമിനാരി സ്‌കൂളില്‍ പ്ലസ്ടുവിന് സ്‌കോളര്‍ഷിപ്പും തുണയായി.
പ്ലസ്ടുവിനുശേഷം 2012-ല്‍ എന്‍ട്രന്‍സ് വിജയിച്ച് മഹാരാഷ്ട്ര അകോലയിലെ ഡോ. പഞ്ചബ്റാവു ദേശ്മുഖ് കൃഷി വിദ്യാപീഠില്‍ ബി.എസ്സി. അഗ്രിക്കള്‍ച്ചറിനുചേര്‍ന്നു. ഐ.സി.എ.ആര്‍. സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു. അച്ഛനൊപ്പം ആക്രിക്കച്ചവടത്തിനിറങ്ങി അനുജന്‍ അര്‍ജുനും ചേട്ടനെ സഹായിച്ചു. 2018-ല്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എം.എസ്സി.യും 2023-ല്‍ അഗ്രികള്‍ച്ചറല്‍ കെമിക്കല്‍സില്‍ പിഎച്ച്.ഡിയും നേടി. ഇപ്പോള്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം. ബി.എ. ഇംഗ്ലീഷ് ബിരുദധാരിയായ സുഗന്ധിയാണ് ഭാര്യ.
Content Highlights: Ajith, son of a laborer, secures 2nd rank in Agricultural Research Service exam, achieving his dream