'പല പോലീസുകാരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്; മുൻപും ‘പോടാ പുല്ലേ’യെന്ന് വിളിച്ചിട്ടുണ്ട്’- ആർ. ശ്രീലേഖ

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പോലീസിൽ ജോലി ചെയ്തിരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്ന് മുൻ ഡി.ജി.പി. ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് സംഘർഷത്തെത്തുടർന്നുണ്ടായ സമരത്തിൽ മോശമായ മുദ്രാവാക്യം വിളിച്ചത് വിവാദമായതോടെയാണ് വീണ്ടും സാമൂഹികമാധ്യമത്തിലൂടെ വിശദീകരണവുമായി ശ്രീലേഖ രംഗത്തെത്തിയത്.

ഗുരുതരമായ തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്, പലർക്കും എതിരേ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടെന്നും ശ്രീലേഖ പറയുന്നു.

അന്നൊന്നും ഒരു പോലീസ് അസോസിയേഷൻ നേതാവും ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ചശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്നു വിളിച്ചതിൽ, ഇവരൊക്കെ തെറ്റ് കാണുന്നതെന്നും അവർ ചോദിച്ചു. എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദേശിച്ചതിന് ഡി.ജി.പി.ക്കും പോലീസ് കമ്മിഷണർക്കും നന്ദിയെന്നും ശ്രീലേഖ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

മുൻ ഡി.ജി.പി.മാരായ ടി.പി. സെൻകുമാറിനും ആർ. ശ്രീലേഖയ്ക്കും എതിരേ രൂക്ഷവിമർശനവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് സി.ആർ. ബിജുവും രംഗത്തെത്തിയിരുന്നു.

Content Highlights: R. Sreelekha defends using harsh language against corrupt police officers., The controversy stems from her reaction to the Vattiyoorkavu protest slogans., She highlights past disciplinary actions taken against erring officers during her tenure., Sreelekha expresses gratitude to the DGP and Commissioner for action against the Vattiyoorkavu SHO., Tensions rise between former DGPs and the Police Officers Association.