'ശ്രീലേഖയുടെ രാജിക്ക് ബി.ജെ.പിയുടെ അനുവാദമില്ല'; ഫോൺ സ്വിച്ചോഫ്; കൗൺസിലറായി തുടർന്നേക്കുമെന്ന് സൂചന

തിരുവനന്തപുരം: ആർ. ശ്രീലേഖ കൗൺസിലറായി തുടരുമെന്ന് സൂചന. ശ്രീലേഖയുടെ രാജിക്ക് ബി.ജെ.പിയുടെ അനുവാദമില്ലെന്നും കൗൺസിലുമായി ബന്ധപ്പെട്ട പരാതികൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള ചർച്ചയിൽ പരിഹരിക്കുമെന്നും ബി.ജെ.പി വൃത്തങ്ങൾ പ്രതികരിച്ചു. രാജി പിൻവലിക്കാൻ ബി.ജെ.പി നേതൃത്വം ആർ. ശ്രീലേഖയുമായി ആശയവിനിമയം തുടരുന്നതായാണ് വിവരം. അതേസമയം ശ്രീലേഖയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.
തിങ്കളാഴ്ച രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി ശ്രീലേഖയുമായി ചർച്ച നടത്തുമെന്നാണ് വിവരം. കൗൺസിലുമായി ബന്ധപ്പെട്ട് ശ്രീലേഖയ്ക്ക് നിരവധി അതൃപ്തികളുണ്ട്. ഇവ രാജീവ് ചന്ദ്രശേഖറുമായുള്ള ചർച്ചയിൽ ശ്രീലേഖ അറിയിച്ചേക്കും. മറ്റു കൗൺസിലംഗങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കാത്തത്, ഇരിപ്പിടം ഒരുക്കിയതിലുള്ള അതൃപ്തി, ശാസ്തമംഗലം വാർഡ് ഉൾപ്പെടുന്ന ഹെൽത്ത് ഇൻസ്പെക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് തന്റെ വാക്കുകൾക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല തുടങ്ങിയ പരാതികൾ മേയറെ നേരത്തെ തന്നെ ശ്രീലേഖ ധരിപ്പിച്ചിരുന്നുവെന്നാണ് വിവരം. രാജിക്കത്ത് നൽകുന്നതിന് മുൻപും മേയറുമായി സംസാരിച്ചിരുന്നുവെന്നും വിവരമുണ്ട്.
രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമുണ്ടായാൽ ശ്രീലേഖ കൗൺസിലറായിത്തന്നെ തുടരുമെന്ന വിലയിരുത്തൽ ബി.ജെ.പി മുതിർന്ന നേതാക്കൾ പങ്കുവെക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശ്രീലേഖ ചികിത്സയിലാണെന്നാണ് വിവരം.
Content Highlights: R Sreelekha is expected to continue as a BJP councillor following discussions., BJP state president Rajeev Chandrasekhar will hold talks with Sreelekha in Thiruvananthapuram., Sreelekha had grievances regarding lack of support from fellow councillors and administrative decisions., She is currently undergoing treatment at a private hospital in Thiruvananthapuram.