തിരഞ്ഞെടുപ്പിൽ മുഖമാക്കി, മേയർ ആക്കിയില്ല; കൗൺസിലർ സ്ഥാനം വലിച്ചെറിഞ്ഞ് ശ്രീലേഖയുടെ തിരിച്ചടി; വീഴുമോ BJP ഭരണം

#സ്വന്തം ലേഖിക
Photo: facebook.com/Sreelekhaips
Photo: facebook.com/Sreelekhaips

ഒരൊറ്റ സ്വതന്ത്രന്റെ പിന്തുണയിൽ തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്ന ബിജെപിയെ വൻ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ആർ ശ്രീലേഖയുടെ രാജി. മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട് ഭരണം കിട്ടിയപ്പോൾ അവഗണിച്ച് വി.വി രാജേഷിനെ മേയറാക്കിയത് മുതൽ ശ്രീലേഖ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും ആദ്യം അവർ വഴങ്ങാൻ കൂട്ടാക്കിയില്ല. പിന്നീട് പാർട്ടിക്ക് വഴങ്ങി മത്സരിക്കാനിറങ്ങി വട്ടിയൂർക്കാവിൽ അവരെ മത്സരിപ്പിക്കാനായിരുന്നു ബിജെപി ഉദ്ദേശിച്ചത്. താൻ ഇവിടെ ഹാപ്പിയാണ് കൗൺസിലറായി അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് അന്ന് സീറ്റ് വാഗ്ദാനം തള്ളിക്കൊണ്ട് പ്രതികരിച്ച ശ്രീലേഖയാണ് എട്ട് മാസം കഴിയുമ്പോൾ കൗൺസിലർ സ്ഥാനം വലിച്ചെറിഞ്ഞ് ബിജെപിക്ക് തിരിച്ചടി സമ്മാനിക്കുന്നത്. 100 അംഗ കോർപറേഷനിൽ ശ്രീലേഖ രാജിവെച്ചതോടെ ഒരു സ്വതന്ത്രൻ അടക്കം 49 പേരുടെ പിന്തുണ മാത്രമേ ബിജെപിക്കുള്ളൂ. കാപ്പ കേസിൽ കൗൺസിലറായ സുഗതൻ ജയിലിൽ ആയതിനാൽ വോട്ട് ചെയ്യാൻ സാധിക്കില്ല. ശ്രീലേഖയുടെ രാജിയോടെ ഒഴിയുന്ന വാർഡിൽ അടുത്ത ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തങ്ങളുടെ ജനസ്വാധീനം തെളിയിക്കാനുള്ള വലിയൊരു പോരാട്ടവേദിയായി ആ ഉപതിരഞ്ഞെടുപ്പ് മാറും. നഗരസഭയിൽ ബിജെപിക്ക് ഭരണം നിലനിർത്താനുള്ള അഭിമാനപോരാട്ടത്തിന് കൂടിയാണ് ശ്രീലേഖയുടെ രാജിയോടെ വഴിതെളിയുന്നത്.

കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപിയായിരുന്ന ശ്രീലേഖ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാവുകയും ചെയ്തതുമുതൽ ബിജെപി നേതൃത്വവുമായുള്ള പരസ്യവും രഹസ്യവുമായ വാഗ്വാദങ്ങളും വിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ നഗരസഭ ഭരണത്തിലെ സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾവരെ അതിന് ചൂടുപിടിപ്പിച്ചു. മുതിർന്ന ഒരു മുൻ ഭരണനിർവ്വഹണ ഉദ്യോഗസ്ഥ എന്ന നിലയിൽ ബി.ജെ.പിയിൽ എത്തിയെങ്കിലും, സംഘടനാ രീതികളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതും പരസ്യ പ്രസ്താവനകളും നിരന്തര വിവാദങ്ങൾക്ക് വഴിയൊരുക്കി.

തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനിടെയുള്ള പ്രചാരണമായിരുന്നു ആദ്യചർച്ചകൾ ഉയർത്തിയത്. പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും 'ആർ. ശ്രീലേഖ ഐ.പി.എസ്' എന്ന് ഉപയോഗിച്ചത് വലിയ വിവാദമായി. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ഐ.പി.എസ്' എന്ന് നീക്കം ചെയ്യാനും 'റിട്ടയേർഡ് ഐ.പി.എസ്' എന്ന് തിരുത്താനും ഉത്തരവിട്ടിരുന്നു. വോട്ടെടുപ്പിന് മുൻപ് പ്രീപോൾ സർവേ ഫലങ്ങൾ പരസ്യപ്പെടുത്തരുതെന്ന ചട്ടം ലംഘിച്ച് ബി.ജെ.പി മുന്നണിക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന സർവേ ചിത്രം സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത് വീണ്ടും വിവാദത്തിന് തിരികൊടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടതിനെ തുടർന്നാണ് പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചത്.

ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ചശേഷം തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിൽ ശ്രീലേഖ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. താൻ അപമാനിതയായെന്ന വികാരം അവർ പാർട്ടി നേതാക്കളുമായും പങ്കുവെച്ചിരുന്നു. വി.വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് പൂർത്തിയാകും മുന്നേ കൗൺസിൽ ഹാളിൽ നിന്ന് ശ്രീലേഖ മടങ്ങിയത് വാർത്തയായിരുന്നു. തന്നെ തിരഞ്ഞെടുപ്പ് മത്സരരംഗത്തിറക്കിയത് മേയർ പദവി വാഗ്ദാനം ചെയ്തുകൊണ്ടാണെന്നും നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന മുഖമായി ഉയർത്തിക്കാട്ടിയ ശേഷമാണ് അവസാന നിമിഷം മറ്റ് തീരുമാനങ്ങളിലേക്ക് പാർട്ടി മാറിയതെന്നും അവർ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. താൻ കൗൺസിലറായി തന്നെ തുടരുമെങ്കിലും പാർട്ടിയുടെ പെട്ടെന്നുള്ള തീരുമാനമാറ്റത്തിൽ നിരാശയുണ്ടെന്ന് വ്യക്തമാക്കിയത് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കി. തിരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ ബിജെപിയെ പ്രതിരോധത്തിലാക്കിയ പ്രതികരണമായിരുന്നു അന്ന് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയും വിവാദങ്ങൾ ഉടലെടുത്തിരുന്നു. ശ്രീലേഖയെ മത്സരിപ്പിക്കില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥിരീകരണം കൂടുതൽ അതൃപ്തികളിലേക്ക് നീങ്ങി. പിന്നീട് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തപ്പോൾ അത് നിരസിച്ചു. ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് അഞ്ചുവർഷത്തേക്ക് ഇനി ഒരു തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താൽപര്യവുമില്ല, അതിനുള്ള ചെലവ് വഹിക്കാനുള്ള കഴിവുമില്ല. അത് പാർട്ടിയെ കൊണ്ട് വഹിപ്പിക്കാൻ താൽപര്യവുമില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് പറഞ്ഞത് എന്നായിരുന്നു അന്ന് ശ്രീലേഖ വിശദീകരിച്ചത്. എന്നാൽ പിന്നീട് അതേ സീറ്റ് സ്വീകരിക്കുകയും മത്സരിക്കുകയും ചെയ്തു. പക്ഷേ മൂന്നാം സ്ഥാനത്തായി.

തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിച്ചില്ലെന്ന് ആരോപിച്ച് ശ്രീലേഖ വേദി വിട്ടിറങ്ങിയതും വലിയ വാർത്തയായിരുന്നു. പാർട്ടി നേതാക്കളുമായി വാഗ്വാദത്തിൽ ഏർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടിയിലെ ഭിന്നത വീണ്ടും പൊതുമധ്യത്തിൽ തുറന്നുകാട്ടപ്പെടുകയായിരുന്നു. പാർട്ടി നേതൃത്വവുമായുള്ള അതൃപ്തി പലകുറി വെളിവായ ഘട്ടത്തിലാണ് കോർപ്പറേഷൻ ഭരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജി.

Content Highlights: Former DGP R Sreelekha has resigned as a BJP councillor, dealing a major blow to the party ruling the Thiruvananthapuram Corporation., Her resignation reduces BJP's strength to 49, creating a severe crisis with a single independent's support hanging in the balance., A by-election for her ward will be held within the next six months, serving as a major test of political influence., Sreelekha had ongoing friction with the BJP leadership following disputes over the mayor post and assembly election candidacy.