എം.പി. അഹമ്മദിന് പി.വി. സാമി മെമ്മോറിയൽ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു

#ന്യൂസ് ഡെസ്ക്
പുരസ്കാരദാന ചടങ്ങ്
പുരസ്കാരദാന ചടങ്ങ്

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക- സാംസ്‌കാരിക മേഖലകളിലെ അവിസ്മരണീയ വ്യക്തിത്വവുമായിരുന്ന പി.വി. സാമിയുടെ പേരിലുള്ള അവാർഡ് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു. കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലിഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.

ചെറിയ രീതിയിൽ തുടങ്ങി വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് പി.വി. സാമിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഷ്ടപ്പാടും ത്യാഗവും നിശ്ചയദാർഢ്യവുമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലുള്ളത്. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനിയായിരുന്നു പി.വി. സാമി. വ്യവസായവും രാഷ്ട്രീയവും ഭംഗിയായി അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. വ്യവസായത്തിൽ മുന്നേറുമ്പോഴും അദ്ദേഹത്തിന്റെ മനസ് നാടിനൊപ്പമായിരുന്നു. ഇതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പി.വി. സാമിയെ പോലെ തന്നെ ചെറിയ രീതിയിൽ തുടങ്ങി വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ആളാണ് എം.പി. അഹമ്മദ് എന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായത്തിലൂടെയാണ്ടായ ഉയർച്ച അദ്ദേഹം സാമൂഹ്യ സേവനത്തിനായി ഉപയോഗിച്ചു. കാരുണ്യത്തിന്റെ മനസുള്ള ഒരാൾക്കാണ് പി.വി.സാമി അവാർഡ് ലഭിച്ചത് എന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

പുരസ്കാരം ലഭിച്ചത് വലിയ പ്രോത്സാഹനവും അഭിമാനവുമാണെന്ന് എം.പി. അഹമ്മദ് പറ‍ഞ്ഞു. കോഴിക്കോട്ടെ കച്ചവടക്കാർക്ക് എന്നും പി.വി. സാമിയെ കുറിച്ച് അഭിമാനമാണ്. സത്യസന്ധതയും സഹജീവികളോട് സഹാനുഭൂതിയുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കും. ലോകം ഒന്നാണെന്ന കാഴ്ചപ്പാടോടെ മനുഷ്യരെ തുല്യരായി കാണാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രശസ്തിപത്രം കൈമാറി. എം.കെ. രാഘവൻ എം.പി പൊന്നാട അണിയിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പുരസ്കാരത്തെക്കുറിച്ച് സംസാരിച്ചു. മാതൃഭൂമി ഡയറക്ടറായിരുന്ന പി.വി. ഗംഗാധരന്റെ മക്കളായ ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് എം.പി. അഹമ്മദിന് പുഷ്പഹാരം അണിയിച്ചു. മിനി രാജേഷ് പ്രശസ്തി പത്രം വായിച്ചു.

ചടങ്ങിൽ പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ട്രസ്റ്റിയും മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററുമായ പി.വി. നിധീഷ് സ്വാഗതവും പിവിഎസ് സൺറൈസ് ഹോസ്പിറ്റൽ എംഡി ജയ്കിഷ് ജയരാജ് നന്ദിയും പറഞ്ഞു. എം.എൽ.എമാരായ വി. മുരളീധരൻ, കെ. പ്രവീൺകുമാർ, എം.എ. റസാഖ് , കെ. ജയന്ത്, മേയർ ഒ. സദാശിവൻ, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, എ.ഡി.ജി.പി. പി. വിജയൻ, ഗോകുലം ഗോപാലൻ, എം.പി. അഹമ്മദിന്റെ ഭാര്യ കെ.പി. സുബൈദ, മകൾ സൗജത്ത്, പി.എം.എ. സമീർ എംഎൽഎ, എൻ. സുബ്രമണ്യൻ, പി. രഘുനാഥ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Content Highlights: Malabar Group Chairman MP Ahammed received the PV Sami Memorial Award., The award was presented by Chief Minister VD Satheesan., The ceremony took place at Kandamkulam Mohammed Abdurahiman Memorial Jubilee Hall in Kozhikode.