പി.വി. സാമി മെമ്മോറിയൽ അവാർഡ് കെ. മാധവന്

കോഴിക്കോട്: പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ ഉന്നതശീർഷനുമായ കെ. മാധവൻ അർഹനായി. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ ഒക്ടോബർ 21-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമർപ്പിക്കും.
പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് പ്രശസ്തിപത്രം സമർപ്പിക്കും. ജൂറി ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അവാർഡിനേക്കുറിച്ച് വിശദീകരിക്കും. എം.കെ രാഘവൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ഇ.ടി മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ ഇ.കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സ്വാതന്ത്ര സമര സേനാനിയും പ്രമുഖ വ്യവസായിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Content Highlights: PV Sami memorial industrial and socio cultural award to K Madhavan