ബൈക്കിനു പിറകിൽ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ കൈ അറ്റു, വധുവിനും ഗുരുതര പരിക്ക്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുതുക്കാട്: ദേശീയപാതയിലുണ്ടായ അപകടത്തിൽ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. വധുവിന് ഗുരുതര പരിക്ക്. പൂങ്കുന്നം പാക്കത്തിൽ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡൽഹി സ്വദേശി മംത (27) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം. സിഗ്‌നൽ തെളിയുന്നത് കാത്ത് ജങ്ഷനിൽ നിർത്തിയിട്ട ഇവരുടെ ബൈക്കിന് പിറകിൽ അമിത വേഗതയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാർ തടഞ്ഞിട്ട് പോലീസിൽ അറിയിക്കുകയായിരുന്നു.

തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരിക്കേറ്റ മംതയ്ക്ക് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തും. ഗുജറാത്തിൽ എൻജിനീയറാണ് മോട്ടി. മംത പാറ്റ്‌നയിലാണ് ജോലി ചെയ്യുന്നത്.

അടുത്ത മാസം ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലെത്തിയതായിരുന്നു ഇവർ. വ്യാഴാഴ്ച മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടം.

Content Highlights: National Highway Accident in Pudukkad: Fiance Loses Hand, Bride Severely Injured Ahead of Wedding