PSLV; ഗ്രാഫൈറ്റ് മാറി കാർബണാക്കിയിട്ടും പിഴച്ചു, പരാജയങ്ങളിൽ രണ്ടിലും സമാനത

#ന്യൂസ് ഡെസ്‌ക്
Photo: ANI
Photo: ANI

തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യ പിഎസ്എൽവി വിക്ഷേപണവും അതിനുമുൻപത്തെ വിക്ഷേപണവും പരാജയപ്പെട്ടതിലുള്ള കാരണത്തിൽ സാമ്യമേറെ.

സി-61 എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റംവരുത്തിയാണ് വീണ്ടും വിക്ഷേപിച്ചതെങ്കിലും സമാനരീതിയിൽത്തന്നെ ഇത്തവണയും പിഴവ് സംഭവിച്ചു. സാമ്യമേറെയുണ്ടെങ്കിലും യഥാർഥകാരണങ്ങളിൽ വ്യത്യാസമുണ്ടാകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെയുള്ള 63 ദൗത്യത്തിനിടെ പിഎസ്എൽവി നാലുതവണ മാത്രമാണ് പരാജയപ്പെട്ടത്.

2025 മേയ് 18-നായിരുന്നു പിഎസ്എൽവി സി-61 ദൗത്യം. വിക്ഷേപണ വാഹനത്തിന്റെ ആദ്യഘട്ടവും രണ്ടാംഘട്ടവും വിജയകരമായി വേർപെട്ടെങ്കിലും മൂന്നാംഘട്ടം പരാജയപ്പെട്ടു. ചേംബർ മർദത്തിലെ വ്യത്യാസം കാരണമായിരുന്നു അത്. മോട്ടോറിന്റെ ത്രസ്റ്റ് ഏറ്റവും കൂടുതലായ അവസ്ഥയിലെത്തിയിട്ട് തിരികെ കുറഞ്ഞുവരുന്നതിൽ വ്യത്യാസമുണ്ടായതോടെ വാഹനത്തിന്റെ ദിശതന്നെ മാറ്റപ്പെട്ടു.

ഈ ഘട്ടത്തിലെ നോസിൽ നിർമിച്ചിരുന്നത് ഗ്രാഫൈറ്റ് ഉപയോഗിച്ചായിരുന്നു. ഇതിൽ പാളിച്ചയുണ്ടായെന്നു മനസ്സിലാക്കിയതോടെയാണ് പുതിയ വാഹനത്തിൽ കാർബൺ-കാർബൺ നോസിൽ നിർമിച്ചത്.

എന്നാൽ, സി-62 ദൗത്യത്തിലും സമാനരീതിയിലുള്ള പിഴവാണുണ്ടായത്. നോസിൽ നിർമിച്ചിരിക്കുന്ന വസ്തുവാണോ മറ്റെന്തെങ്കിലുമാണോ പിഴവിന് കാരണമെന്നത് പരിശോധനകളിലൂടെയേ വ്യക്തമാകൂ.

1993 സെപ്റ്റംബർ 20-ന് കന്നിവിക്ഷേപണ ദൗത്യത്തിൽ പിഎസ്എൽവി-ജി പരാജയപ്പെട്ടിരുന്നു. ഒരു കൊല്ലത്തിനുശേഷം 804 കിലോഗ്രാം ഭാരമുള്ള ഐആർഎസ്പി രണ്ടിനെ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എൽവി ലോക രാജ്യങ്ങളുടെതന്നെ വിശ്വസ്തനായി.

1997-ലെ സി-ഒന്ന് വാഹനത്തിന്റെ വിക്ഷേപണവും ഭാഗികമായി പരാജയപ്പെട്ടെങ്കിലും വിക്ഷേപിക്കപ്പെട്ട ഉപഗ്രഹം സ്വന്തം പ്രൊപ്പൽഷൻ സംവിധാനമുപയോഗിച്ച് കൃത്യമായ ഭ്രമണപഥത്തിലേക്ക് നീങ്ങി. അതിനാൽ ഇതൊരു പരാജയമായി കണക്കാക്കിയതുമില്ല.

മറ്റൊരു പരാജയം 2017 ഓഗസ്റ്റ് 31-ന് 1426 കിലോഗ്രാം ഭാരമുള്ള ഐആർഎൻഎസ്എസ്-1എച്ചിനെയും വഹിച്ച് പിഎസ്എൽവിയുടെ എക്‌സ്എൽ പതിപ്പ് കുതിച്ചുയർന്നപ്പോഴായിരുന്നു. കഴിഞ്ഞവർഷം മേയ് 18-നും എക്‌സ്എൽ പതിപ്പായിരുന്നു മൂന്നാംഘട്ട വേർപെടലിൽ പരാജയപ്പെട്ടത്.

104 ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചതും പിഎസ്എൽവിയായിരുന്നു. ചന്ദ്രയാൻ-ഒന്ന്, മംഗൾയാൻ എന്നിവയുടെ വിക്ഷേപണത്തിനും രാജ്യം പിഎസ്എൽവിയെത്തന്നെയായിരുന്നു ആശ്രയിച്ചത്.

Content Highlights: Two recent PSLV launch failures share striking similarities. Experts investigate if material changes or other factors caused the setbacks. Read more.