‘ഭരണം മാറിയതോടെ സർക്കാരും സർവ്വകലാശാലയും നിലപാട് മാറ്റി’; നിയമനക്കേസിൽ പ്രിയ വർഗീസ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കേരളത്തിൽ ഭരണം മാറിയതിന് പിന്നാലെ സംസ്ഥാന സർക്കാരും സർവകലാശാലയും തന്റെ കേസിലെ നിലപാട് മാറ്റിയെന്ന് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ്. തന്റെ നിയമനത്തെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരും സർവകലാശാലയും ഹൈക്കോടതിയിൽ സ്വീകരിച്ചത്. സുപ്രീംകോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിലും നിയമനം ശരിവെക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ നിലപാട് മാറ്റിയെന്ന് പ്രിയ വർഗീസിന്റെ സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ സുപ്രീംകോടതിയിൽ ആരോപിച്ചു.
പ്രിയയുടെ നിയമനം ചോദ്യംചെയ്ത് ഹർജി നൽകിയ ജോസഫ് സ്കറിയ നിലവിൽ കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ആണ്. പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള കേസ് നടത്തുന്നതെന്നും പരമേശ്വർ ആരോപിച്ചു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ നടന്നത് മാധ്യമ വിചാരണയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനത്തിന് ആവശ്യമായ യോഗ്യത പ്രിയയ്ക്ക് ഉണ്ടെന്നും കെ. പരമേശ്വർ വാദിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ ഒരു ദിവസംപോലും ലീവ് എടുത്തിട്ടില്ല. അധ്യാപക, ഗവേഷണ മേഖലകളിലായി എട്ട് വർഷത്തിൽ അധികം പ്രവർത്തന പരിചയം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ കെ. പരമേശ്വരന്റെ വാദം നാളെയും സുപ്രീം കോടതിയിൽ തുടരും.
വി.സിയും ഡീനും ആകാൻ ആരുവരും?
വൈസ് ചാൻസലറും ഡീനുമായി സേവനം അനുഷ്ഠിക്കുന്ന കാലയളവ് അധ്യാപക പരിചയമായി കണക്കാക്കിയില്ലെങ്കിൽ ആ പദവികൾ ഏറ്റെടുക്കാൻ ആര് വരുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസ് ഡയറക്ടർ സ്റ്റുഡന്റ്സ് സർവീസ് ആയി സേവനം അനുഷ്ഠിച്ച കാലയളവ് അധ്യാപക പരിചയമായി കണക്കാക്കാമോ എന്ന വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ ചോദ്യം ചോദിച്ചത്. ഗവേഷണ കാലയളവ് അധ്യാപക പരിചയമായി കണക്കാക്കിയില്ലെങ്കിൽ അധ്യാപകർ ഗവേഷണത്തിന് പോകാൻ തയ്യാറാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി. ചട്ടങ്ങൾ പാലിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കണ്ണൂർ സർവ്വകലാശാല ഇന്ന് സുപ്രീംകോടതിയിൽ വ്യക്തമാക്കി. സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി എന്നിവർ ഹാജരായി. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനും ജോസഫ് സ്കറിയയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകരായ പി.എസ്. സുധീർ, അതുൽ ശങ്കർ വിനോദ് എന്നിവരും ഹാജരായി.
Content Highlights: During the Supreme Court hearing on Priya Varghese's associate professor appointment, her counsel alleged that the Kerala government and Kannur University changed their stance, while the court raised important queries regarding teaching experience and statutory positions.