വിസി തേടിയ വ്യക്തതയ്ക്ക് യുജിസി മറുപടി നൽകിയില്ല; പ്രിയ വർഗീസിസ് കേസിൽ വാദം എഴുതി നൽകി കെ. പരമേശ്വർ

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും പ്രിയ വർഗീസിന് ഉണ്ടെന്ന് വിശദീകരിച്ച് സീനിയർ അഭിഭാഷകൻ കെ പരമേശ്വർ സുപ്രീം കോടതിയിൽ വാദം എഴുതി നൽകി. പ്രിയയുടെ യോഗ്യത സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ വൈസ് ചാൻസലർ യു.ജി.സിയോട് ഇക്കാര്യത്തിൽ വ്യക്തത തേടിയിരുന്നു. എന്നാൽ യു.ജി.സി അതിൽ മറുപടി നൽകിയില്ലെന്ന് സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ എഴുതി നൽകിയ വാദത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അസ്സോസിയേറ്റ് പ്രൊഫസറുടെ റാങ്ക് പട്ടിക സർവകലാശാല സിൻ്റിക്കേറ്റിന്റെ അംഗീകാരത്തിനായി വയ്ക്കുന്നതിന് മുമ്പാണ് പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച പരാതികൾ വൈസ് ചാൻസിലറിന് ലഭിച്ചത്. ഇതിൽ വൈസ് ചാൻസലർ യു.ജി.സിയോട് വ്യക്തത തേടിയിരുന്നു. എന്നാൽ യു.ജി.സി മറുപടി നൽകിയില്ല. ഇതേ തുടർന്ന് വൈസ് ചാൻസലർ അഡ്വക്കേറ്റ് ജനറൽ, സ്റ്റാൻഡിങ് കോൺസിൽ എന്നിവരുടെ നിയമ ഉപദേശം തേടി. ഈ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് റാങ്ക് പട്ടിക സിൻഡിക്കേറ്റിന്റെ അംഗീകാരത്തിന് കൈമാറിയത് എന്നും കെ. പരമേശ്വർ സുപ്രീം കോടതിക്ക് എഴുതി നൽകിയ വാദത്തിൽ വിശദീകരിച്ചിട്ടുണ്ട്.
യു.ജി.സി ചട്ടങ്ങൾ പ്രകാരം അസ്സോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കണമെങ്കിൽ കുറഞ്ഞത് എട്ട് വർഷം അസിസ്റ്റന്റ് പ്രൊഫസറായുള്ള അധ്യാപക പരിചയം വേണം. എന്നാൽ പ്രിയക്ക് 9 വർഷവും, 3 മാസവും, 23 ദിവസവും അസിസ്റ്റന്റ് പ്രൊഫസർ ആയുള്ള അധ്യാപക പരിചയം ഉണ്ടെന്ന് കെ. പരമേശ്വർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജോസഫ് സ്കറിയയുടേത് ബിഎ ഇക്കണോമിക്സും പിജി മലയാളവും
പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജി നൽകിയ ജോസഫ് സ്കറിയ്ക്ക് ബിരുദം ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദം മലയാളത്തിൽ ആണെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ പ്രിയയുടെ ബിരുദവും, ബിരുദാനന്തര ബിരുദവും മലയാളത്തിൽ ആണെന്നും അഭിഭാഷകൻ വ്യക്തമാക്കി. സർവകലാശാലയുടെ പ്രൊ വൈസ് ചാൻസലർ, മലയാളം വിഭാഗം മേധാവി, ഡീൻ, രജിസ്ട്രാർ എന്നിവർ അടങ്ങിയ സമിതിയാണ് പ്രിയ ഉൾപ്പടെയുള്ളവരെ അപേക്ഷയുടെ സൂക്ഷമപരിശോധന നടത്തിയതെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: Senior counsel K Parameshwaran submitted written arguments in the Supreme Court for the Priya Varghese case., UGC reportedly did not respond when the Vice-Chancellor sought clarification regarding Priya Varghese's qualifications., Priya Varghese possesses 9 years, 3 months, and 23 days of continuous teaching experience as an Assistant Professor, exceeding the 8-year UGC requirement., The appointment process involved a proper scrutiny committee including the Pro-VC, Malayalam HoD, Dean, and Registrar.