സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് മീനച്ചിൽ താലൂക്കിൽ പൂർണം; തുടർച്ചയായ രണ്ടാംദിനവും ജനം ദുരിതത്തിലായി

ഫ്രാൻസിസ് ജോര്‍ജ് എംപി കൊട്ടാരമറ്റം സ്റ്റാൻഡില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചപ്പോൾ
ഫ്രാൻസിസ് ജോര്‍ജ് എംപി കൊട്ടാരമറ്റം സ്റ്റാൻഡില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചപ്പോൾ

പാലാ: സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് മീനച്ചിൽ താലൂക്കിൽ പൂർണം. തുടർച്ചയായ രണ്ടാംദിവസവും ജനം ദുരിതത്തിലായി. സ്വകാര്യ ബസ് തൊഴിലാളികളെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് തുടർച്ചയായ രണ്ടാംദിവസവും പാലായിൽ തൊഴിലാളികൾ പണിമുടക്കിയത്. വിദ്യാർഥികളും വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവരുമാണ് ഗതാഗത സംവിധാനങ്ങളില്ലാതെ ഏറെ വലഞ്ഞത്.

സ്വന്തമായി വാഹനസൗകര്യമില്ലാത്തവർക്ക് ഓട്ടോ റിക്ഷാകളെ ആശ്രയിക്കേണ്ടിവന്നു. പാലാ- തൊടുപുഴ, ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാത, പാലാ- പൊൻകുന്നം റോഡ് എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യാൻ സാധിച്ചു. കെഎസ്ആർടിസി ബസിൽ തിരക്കേറിയിരുന്നു. സമരംചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി ബിഎംഎസ് രംഗത്തെത്തി. ബിഎംഎസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടാരമറ്റത്തുനിന്ന്‌ ടൗൺസ്റ്റാൻഡിലേക്ക് പ്രകടനം നടത്തി. പ്രതിഷേധ സമരത്തിന് ബിഎംഎസ് സംസ്ഥാന സമിതിയംഗം കെ.എൻ. മോഹനൻ, ജില്ലാ ജനറൽ സെകട്ടറി പി.ആർ. രാജീവ്, കെ.ആർ. രതീഷ്, ജോസ് ജോർജ്, ശങ്കരൻകുട്ടി നിലപ്പന, സുമിത് ജോർജ്, ബിനീഷ് ചൂണ്ടച്ചേരി, എ. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

പണിമുടക്ക് രാഷ്ട്രീയപ്രേരിതം - സിഐടിയു

പാലാ: സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്കിന്റെ മറവിൽ പാലായിൽ മോട്ടോർ തൊഴിലാളി മേഖലയിലെ സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി, ബിഎംഎസ് നേതൃത്വത്തിൽ നടത്തി വരുന്നതെന്ന് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചൻ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. യാത്രക്കാരെ വലച്ച് പാലായിൽ രണ്ടുദിവസമായി തുടരുന്ന സ്വകാര്യ ബസ് പണിമുടക്ക് രാഷ്ട്രീയപ്രേരിത സമരമാണ്. സിഐടിയു പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് പാലായിൽ പ്രതിഷേധമാർച്ചും യോഗവും നടത്തും. ബസ് ജീവനക്കാരെന്ന വ്യാജേന ഉടമയുടെ കൈയാളുകളായി പ്രവർത്തിക്കുന്ന സമൂഹവിരുദ്ധരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നാട്ടകം ഗവ. കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിക്ക്‌ രേഖകളുണ്ടായിട്ടും യാത്രാ ആനുകൂല്യം നിഷേധിച്ച കുഴിത്തോട്ട് സെയ്ന്റ് മരിയ ബസിലെ ജീവനക്കാരൻ യാത്രയിലുടനീളം അധിക്ഷേപിക്കുകയായിരുന്നു. വിദ്യാർഥിനിയെ ജീവനക്കാരൻ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇത് അന്വേഷിക്കാനെത്തിയ എസ്എഫ്‌ഐ നേതാക്കളെ ജീവനക്കാർ മർദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധ പരിപാടിക്കിടെ ഉടമയുടെ ഗുണ്ടകൾ പ്രകോപനം സൃഷ്ടിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

പൂഞ്ഞാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിജെപി സംസ്ഥാന നേതാവാണ് സമരനാടകത്തിന് പിന്നിൽ. ഒരു ബസുടമയുടെ താത്‌പര്യം സംരക്ഷിക്കാൻ നടത്തിവരുന്ന സമരം മോട്ടോർ തൊഴിലാളി മേഖലയിൽ പണിയെടുക്കുന്ന യഥാർഥ തൊഴിലാളികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സിപിഎം പാലാ ഏരിയാ സെക്രട്ടറി സജേഷ് ശശി, ഡിവൈഎഫ്‌ഐ പാലാ ബ്ലോക്ക് സെക്രട്ടറി അഡ്വ. എൻ.ആർ. വിഷ്ണു എന്നിവർ പങ്കെടുത്തു.

നിയമവാഴ്ച നടപ്പാക്കണം - കാപ്പൻ

പാലാ: നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിന്റെ സാന്നിധ്യത്തിൽ ജീവനക്കാരെ അകാരണമായി മർദിച്ചത് പ്രതിഷേധാർഹമാണെന്ന് മാണി സി.കാപ്പൻ എംഎൽഎ പറഞ്ഞു. ശരിയായ രീതിയിലുള്ള അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ അത് ചർച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്.

കുറ്റവാളികളെനിയമത്തിന് മുൻപിൽ കൊണ്ടുവരണം - ഫ്രാൻസിസ് ജോർജ്

പാലാ: ബസ് ജീവനക്കാരെ മർദിച്ച കുറ്റവാളികളെ നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. പാലാ ബസ്‌സ്റ്റാൻഡിലെത്തി പണിമുടക്കുന്ന ജീവനക്കാരുമായി ചർച്ച ചെയ്തതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാകളക്ടർ, എസ്‌പി എന്നിവരോട് ഫോണിൽ ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, കെ.സി. കുഞ്ഞുമോൻ, ജോബി കുറ്റിക്കാട്ട്, മനോജ് വള്ളിച്ചിറ, ടോം കണിയാരശ്ശേരിൽ എന്നിവർ എംപിയോടൊപ്പമുണ്ടായിരുന്നു.

Content Highlights: Private bus strike in meenachil taluk