വനംവകുപ്പിന്റെ മുഖമാകാൻ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; ബോധവത്കരണവും വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണവും ലക്ഷ്യം

#ന്യൂസ് ഡെസ്ക്
വനംവകുപ്പ് പങ്കുവെച്ച ചിത്രം
വനംവകുപ്പ് പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: പൃഥ്വിരാജും കുഞ്ചാക്കോ ബോബനും കേരള വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരാകും. വനം-വന്യജീവി സംരക്ഷണ ബോധവത്കരണം, വനംവകുപ്പിന്റെ പദ്ധതികളുടെ പ്രചാരണമടക്കം ഏഴോളം പ്രവർത്തന മേഖലകളാണ് ഇരുവർക്കും നൽകിയിരിക്കുന്നത്. വനംവകുപ്പിന്റെ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നതിനുമായി ഇരുവരെയും ഓണററി അടിസ്ഥാനത്തിലാണ് നിയോഗിച്ചിട്ടുള്ളത്.

'കാടിന് കാവലാകുവാൻ... കേരള വനം-വന്യജീവി വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി മലയാളത്തിന്റെ പ്രിയ താരങ്ങൾ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ.' - താരങ്ങളുടെ ചിത്രങ്ങളടക്കം വനംവകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

നിയമനത്തിന്റെ ഭാഗമായി, പൊതുപരിപാടികളും ഡിജിറ്റൽ മാധ്യമങ്ങളും വഴി വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും പൊതുജനങ്ങളിൽ അവബോധം വളർത്തും. കൂടാതെ, വനം വകുപ്പിന്റെ വിവിധ പ്രചാരണ പരിപാടികൾക്കും പൊതുസേവനങ്ങൾക്കും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്കും ഇവർ പിന്തുണ നൽകും.

കുട്ടികളിലും യുവാക്കളിലും പ്രകൃതി സ്‌നേഹം വളർത്തുന്നതിനായി വിദ്യാഭ്യാസ പരിപാടികളിലും ഇവർ സജീവമായി ഇടപെടും. വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ബോധവൽക്കരണ സന്ദേശങ്ങളും വീഡിയോകളും പങ്കുവെക്കുന്നതോടൊപ്പം, സിനിമ എന്ന മാധ്യമം ഉപയോഗിച്ച് സർഗ്ഗാത്മകമായ രീതിയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കും.

വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക, വനമേഖലകളിലെ നിർമാണങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുക, മനുഷ്യ-വന്യജീവി സംഘർഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങി പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പല പദ്ധതികളും നടപ്പിലാക്കാൻ വനംവകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സ്റ്റാൻ അംബാസിഡർമാരെ ഉപയോഗിക്കും.

മാത്രമല്ല, വനമേഖലകളിൽ താമസിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനായും ബോധവത്കരണം നടത്തുന്നതിനായും ഈ താരങ്ങളെവെച്ച് ഹ്രസ്വ വീഡിയോകൾ നിർമിക്കുക. ഇത്തരത്തിൽ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും ഉൾപ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് വനംവകുപ്പ് പ്ലാൻ ചെയ്യുന്നത്.

ഫെബ്രുവരിയിൽ വനംവകുപ്പ് ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവെൽ ഓഫ് കേരള എന്ന പേരിൽ ഒരു അന്താരാഷ്ട്ര ഫെസ്റ്റിവൽ നടത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ നേരത്തെ അറിയിച്ചിരുന്നു. ഇവിടെ, വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പരിപാടികളാണ് നടക്കുക എന്നാണ് വിവരം.

വന്യജീവികളോട് ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിനും, വനാശ്രിത സമൂഹങ്ങളെ ബഹുമാനിക്കുന്നതിനും, മനുഷ്യ-വന്യജീവി സഹവർത്തിത്വം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഇവർ പൊതുജനങ്ങളെ പങ്കാളികളാക്കും. പ്രകൃതി സാക്ഷരതയും പാരിസ്ഥിതിക ബോധവും വളർത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് സുസ്ഥിരമായ സഹവർത്തിത്വം ഉറപ്പാക്കുകയാണ് ജനപ്രിയരായ ഈ താരങ്ങളെ ബ്രാൻഡ് അംബാസഡർമാർ ആക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Content Highlights: Prithviraj Sukumaran and Kunchacko Boban have been appointed as brand ambassadors for the Kerala Forest Department to promote forest and wildlife conservation awareness. The department plans to implement various initiatives, including educational outreach to children, awareness about construction in forest areas, and addressing human-wildlife conflicts, using the ambassadors. An international festival, the International Nature Festival of Kerala, is scheduled for February, featuring extensive programs involving the brand ambassadors.