പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

Prayar Gopalakrishnan | Photo: Mathrubhumi
Prayar Gopalakrishnan | Photo: Mathrubhumi

കൊല്ലം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

ചടയമംഗലം എംഎല്‍എ ആയിരുന്നു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. കെ.എസ്.യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2001-ല്‍ കൊല്ലത്തെ ചടയമംഗലം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്. 

കെ.എസ്.യു.വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊല്ലം ജില്ലാ പ്രസിഡന്റായിരുന്ന പ്രയാര്‍ 1982-ല്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. 1984 മുതല്‍ 2001 വരെ ചെയര്‍മാനായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ ആര്‍. ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതിനെത്തുടര്‍ന്ന് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം പ്രയാര്‍ രാജിവക്കുകയായിരുന്നു.
 

Content Highlights: prayar gopalakrishnan passed away