കാരാട്ട് പറഞ്ഞു, വിജു കൃഷ്ണനെ മുഴുവൻസമയവും പാർട്ടിക്ക് വിട്ടുതരണം

#എ.വി. ഗിരീശൻ
വിജു കൃഷ്ണൻ, വിജു കൃഷ്ണന്റെ അച്ഛൻ ഡോ. പി. കൃഷ്ണനും അമ്മ ശ്യാമളയും കരിവെള്ളൂരിലെ വീട്ടിൽ മകൻ പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്ത കാണുന്നു
വിജു കൃഷ്ണൻ, വിജു കൃഷ്ണന്റെ അച്ഛൻ ഡോ. പി. കൃഷ്ണനും അമ്മ ശ്യാമളയും കരിവെള്ളൂരിലെ വീട്ടിൽ മകൻ പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്ത കാണുന്നു

കരിവെള്ളൂർ (കണ്ണൂർ): ജെഎൻയുവിലെ എസ്എഫ്ഐയുടെ തീപ്പൊരി നേതാവ് പഠനം പൂർത്തിയാക്കി ബെംഗളൂരുവിലെ സെയ്ന്റ് ജോസഫ് കോളേജിൽ പൊളിറ്റിക്കൽ സയൻസ്‌ അധ്യാപകനായി ജോലിചെയ്യുന്ന കാലം. ഒരിക്കൽ പാർട്ടി പരിപാടിക്കായി ഡൽഹിയിലെത്തിയ വിജുവിനൊപ്പം അച്ഛൻ ഡോ. പി. കൃഷ്ണനും അമ്മ ശ്യാമളയും ഉണ്ടായിരുന്നു. പരിചയപ്പെടുത്തിയപ്പോൾ പ്രകാശ് കാരാട്ട് പറഞ്ഞു. ‘മുഴുവൻ സമയവും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ വിജുവിനെ വിട്ടുതരണം.’ മകൻ പാർട്ടിയുടെ ഉന്നത പദവിയിലെത്തിയപ്പോഴും കാരാട്ടിന്റെ വാക്കുകൾ ഡോ. പി.കൃഷ്ണൻ ഇന്നും ഓർക്കുന്നു.

ജെഎൻയുവിലെ സമരപോരാട്ടങ്ങളിൽനിന്ന് ലഭിച്ച ഊർജവും അച്ഛന്റെയും അമ്മയുടെയും കരിവെള്ളൂരിലെ കുടുംബങ്ങളുടെ പൊതുപ്രവർത്തന പാരമ്പര്യവും നെഞ്ചിലേറ്റിയ വിജുവിന് അധികകാലം ജോലിയിൽ തുടരാനായില്ല. കോളേജ് അധ്യാപകജോലി രാജിവെച്ച് സിപിഎമ്മിന് കീഴിൽ കർഷകരെ സംഘടിപ്പിക്കാനായി രംഗത്തിറങ്ങി.

വിജുവിന്റെ അമ്മൂമ്മ കുഞ്ഞി മാണിക്കം ടീച്ചർ അവിഭക്ത കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി അംഗമായിരുന്നു. സ്ത്രീകൾ പൊതുപ്രവർത്തനരംഗത്തേക്ക് വരാൻ മടിച്ചിരുന്ന കാലത്ത് മഹിളാസമാജങ്ങൾ രൂപവത്കരിച്ച് അടുക്കളയിൽനിന്ന് അരങ്ങിലേക്കെത്തിക്കാൻ നേതൃത്വംനൽകിയത് ശിഷ്യന്മാർ ടീച്ചറമ്മ എന്ന് വിളിച്ചിരുന്ന കുഞ്ഞിമാണിക്കം ടീച്ചറായിരുന്നു. മുഴുവൻസമയ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ അമ്മൂമ്മ ഉപദേശിച്ചു -എ.കെ.ജിയെ പോലെയാകണം. അപ്പൂപ്പൻ കാസർകോട്‌ സിപിസിആർഐയിൽ ഫാം മാനേജരായിരുന്ന സി.എ. കുഞ്ഞിരാമനും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല.

വിജുവിന്റെ അച്ഛന്റേത് കമ്യൂണിസ്റ്റ് കുടുംബമാണ്. കരിവെള്ളൂരിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പൊട്ടക്കുളത്ത് കുഞ്ഞിരാമൻ മാസ്റ്റർ വിജുവിന്റെ അച്ഛൻ ഡോ. പി. കൃഷ്ണന്റെ അമ്മാവനാണ്. സ്വാതന്ത്ര്യസമരകാലത്ത് കമ്യൂണിസ്റ്റ് നേതാവായിരുന്ന സുബ്രഹ്മണ്യ ഷേണായി 52 ദിവസം കൃഷ്ണന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നു.

ജോലി ആവശ്യത്തിന് അച്ഛനും അമ്മയും ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയതുകൊണ്ട് വിജുവിന്റെ ബിരുദംവരെയുള്ള പഠനം ബെംഗളൂരുവിലായിരുന്നു. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് വിജു. പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാർത്ത അറിയുമ്പോൾ അച്ഛനും അമ്മയും കരിവെള്ളൂർ ഓണക്കുന്നിലെ തറവാട്ടുവീട്ടിലുണ്ടായിരുന്നു.

കർഷക പോരാട്ടങ്ങൾ കൊണ്ട് ചുവന്ന മണ്ണിൽനിന്ന് എ.വി. കുഞ്ഞമ്പുവിന് ശേഷം ഒരാൾകൂടി സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് കരിവെള്ളൂർ ഗ്രാമം. കരിവെള്ളൂർ സമരത്തിന്റെ മുൻനിര പോരാളിയും എംപിയും എംഎൽഎയുമായിരുന്ന എ.വി. കുഞ്ഞമ്പു കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാവായിരുന്നു.

കയ്യൂരും കരിവള്ളൂരും പ്രചോദനം -വിജു കൃഷ്ണൻ

ജന്മദേശമായ കരിവള്ളൂരിന്റെയും കയ്യൂരിന്റെയും സമരങ്ങൾ തനിക്ക് പ്രചോദനമാണെന്ന് വിജു കൃഷ്ണൻ പ്രതികരിച്ചു. ചെറുപ്പക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേർ നേതൃനിരയിലെത്തി. താനടക്കമുള്ള യുവാക്കൾക്ക് പാർട്ടി അവസരം നൽകി. ഇതു മാറ്റങ്ങൾ വരുത്തും.

സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽ സ്വാധീനം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ജനപക്ഷത്തുനിന്ന് ബദൽ നയങ്ങൾക്കും ബദൽ സർക്കാരിനുംവേണ്ടിയുള്ള സമരങ്ങൾ ശക്തമാക്കും -അദ്ദേഹം പറഞ്ഞു.

Content Highlights: prakash karat said viju krishnan should be given full time responsibility for party