ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പി.പി. ദിവ്യ പുറത്ത്

#കെ. സ്റ്റെഫിൻ | മാതൃഭൂമി ന്യൂസ്
പി.പി ദിവ്യ | Photo: Mathrubhumi
പി.പി ദിവ്യ | Photo: Mathrubhumi

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് സൂസൻ കോടിയേയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പി.പി. ദിവ്യയേയും ഒഴിവാക്കി. മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് നടപടി സ്വീകരിച്ചത്. പി.പി. ദിവ്യ ആവശ്യപ്പെട്ടത് പ്രകാരമാണ് ഒഴിവാക്കൽ നടപടി. പാർട്ടി നടപടി നേരിട്ട രണ്ടുപേരെയാണ് സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്.

കൊല്ലത്തെ വിഭാഗീയതയുടെ പേരിൽ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് സൂസൻ കോടി ഒഴിവാക്കപ്പെട്ടിരുന്നു. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാണ് പി.പി. ദിവ്യ. അതേസമയം, തന്നെ ഒഴിവാക്കണമെന്ന് പി.പി. ദിവ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് തീരുമാനം എടുത്തതെന്ന് മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്നു തവണ ഭാരവാഹിത്വത്തിൽ ഇരുന്നാൽ പിന്നീട് സ്ഥാനം ഒഴിയണമെന്നതാണ് മഹിളാ അസോസിയേഷന്റെ രീതി. അതുപ്രകാരമാണ് സൂസൻ കോടിയും പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതെന്നും അവർ വ്യക്തമാക്കി.

എന്നാൽ, പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനശൈലി അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പി.പി. ദിവ്യയെക്കുറിച്ച് പരാതി ഉണ്ടായിരുന്നു. നേരത്തെ, പി.പി. ദിവ്യയെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽനിന്ന് ഇരണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. നിലവിൽ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്. സുജാത തുടരും. കെ.എസ്. സലീഖയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഇ. പത്മാവതിയെ ട്രഷററായും തീരുമാനിച്ചു.

Content Highlights: PP Divya and Susan Kody removed from the Democratic Mahila Association state committee. Details on party actions and reasons for removal.