അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാം- വെല്ലുവിളിച്ച് പി.പി. ദിവ്യ

#ന്യൂസ് ഡെസ്ക്
മുഹമ്മദ് ഷമ്മാസ് | Image credit: Muhammed Shammas FB | പി.പി. ദിവ്യ | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി
മുഹമ്മദ് ഷമ്മാസ് | Image credit: Muhammed Shammas FB | പി.പി. ദിവ്യ | ചിത്രം: ലതീഷ് പൂവത്തൂർ, മാതൃഭൂമി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടത്തി എന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി.പി. ദിവ്യ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ദിവ്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ടെൻഡറില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകി എന്ന കെ.എസ്.യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ, ആരോപണങ്ങൾക്കും അപവാദങ്ങൾക്കും മുന്നിൽ തലകുനിക്കില്ലെന്നും സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണുമെന്നും പോസ്റ്റിൽ വ്യക്തമാക്കി. അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവെക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ ദിവ്യ, രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണമെന്നും ആവശ്യപ്പെട്ടു.

പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

ഉപ്പ് തിന്നവർ വെള്ളം കുടിക്കും... ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും! കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അന്വേഷണം നടക്കട്ടെ. സത്യങ്ങൾ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല. എന്റെ പേരിലോ ഭർത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കിൽ കണ്ടെത്തട്ടെ.

അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകാൻ പോലും ഞാൻ തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്. എന്റെ ഭർത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങൾക്കില്ല.

ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോൾ വിജിലൻസ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ. ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെൻഡർ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങൾ കേട്ടപ്പോൾ ബോധം പോയില്ലെന്നേയുള്ളൂ! കണക്കുകളില്ലാത്ത ആരോപണങ്ങൾ എത്ര തവണ ആവർത്തിച്ചാലും അവ സത്യമാകില്ല.

എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണ്. അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിർത്തിവെക്കാൻ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല. രണ്ടു വർഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങൾക്കും ഇനി ഒരറുതി വേണം. എനിക്കും എന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണം.

രാഷ്ട്രീയവിയോജിപ്പുകളുടെ പേരിൽ ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് എത്രത്തോളം നീതിയുക്തമാണ്? എന്നെ തകർക്കാമെന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ: ആരോപണങ്ങൾക്കും അപവാദങ്ങൾക്കും മുന്നിൽ തലകുനിക്കില്ല. സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണും. ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടാകും. എവിടേക്കും ഒളിച്ചോടില്ല. അന്വേഷണത്തെ നേരിടും. നിയമത്തിൽ വിശ്വസിക്കും. കാണാം... കാത്തിരിക്കാം!

മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ കോടതിയെ ഞാൻ സമീപിച്ചിട്ടുണ്ട്. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കോടതി സമൻസ് നൽകിയിട്ടുണ്ട്. ആ കേസിൽ നിയമനടപടികൾ മുന്നോട്ടുപോകട്ടെ. ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപര്യങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലെന്നു കരുതേണ്ട. എന്നാൽ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച് മറുപടി പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. ആരോപണങ്ങൾക്കും പിന്നിലെ താൽപര്യങ്ങൾക്കും മറുപടി പറയേണ്ടത് വസ്തുതകളും തെളിവുകളുമാണ്.

ജനകീയ മുഖംമൂടി ധരിച്ചു രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇരുന്നു മറുതോണിയിൽ പിന്തുണ നൽകുന്ന യൂദാസുമാരുടെ മുഖം മൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്കു മുന്നിലെത്തും. എന്റെ നിലപാട് വ്യക്തമാണ്: അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. നിയമത്തെ ബഹുമാനിക്കുന്നു. സത്യത്തിൽ വിശ്വസിക്കുന്നു. അപവാദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ല! ഇവിടെയൊക്കെ തന്നെയുണ്ടാകും... കാണാം! 

Content Highlights: P.P. Divya, former Kannur District Panchayat President, welcomes the vigilance investigation into alleged misconduct and expresses confidence in her innocence, stating she has nothing to hide and will fully cooperate with the inquiry. Divya emphasizes her commitment to transparency and integrity, dismissing the allegations as baseless and politically motivated, and asserts that she will not be intimidated or leave the country due to the investigation. She criticizes the ongoing media trial and defamation, calling for an end to the harassment of her family, and highlights her belief in the legal process to reveal the truth.