P.P ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തി, ദേശീയനേതാക്കളുമായി അടക്കം ചർച്ചനടത്തി– മുഹമ്മദ് ഷമ്മാസ്

#ന്യൂസ് ഡെസ്‌ക്
പി. മുഹമ്മദ് ഷമ്മാസ്, പി.പി. ദിവ്യ | Photo: mathrubhumi archives
പി. മുഹമ്മദ് ഷമ്മാസ്, പി.പി. ദിവ്യ | Photo: mathrubhumi archives

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമം നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ബിജെപി നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും, ഇതിന് പിന്നാലെയാണ് ബിനാമി ഇടപാട് ആരോപണത്തിൽ സർക്കാർ അവർക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും ഷമ്മാസ് ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിൽ തുടരുന്നതിനേക്കാൾ മറ്റ് സാധ്യതകളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് ദിവ്യ പുതിയ വഴികൾ തേടുന്നതെന്നും ഷമ്മാസ് പറഞ്ഞു. സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കൂടിയാലോചനകളും നടന്നതായും, ഇത്തരമൊരു നീക്കം നടക്കുന്നതുകൊണ്ടാണ് സർക്കാരിന് അവരെ സഹായിക്കേണ്ടി വന്നതെന്നും ഷമാസ് കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ച് സർക്കാർ അവർക്ക് സംരക്ഷണം ഒരുക്കിയത്. വിവിധ കരാറുകളിൽ പി.പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബിനാമി ഇടപാട് എന്നായിരുന്നു പരാതി.

ദിവ്യക്കെതിരേ വിജിലൻസിന് ലഭിച്ച പരാതിയെ സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷൻ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ദിവ്യക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസിന്റെ കണ്ണൂർ യൂണിറ്റ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ക്ലീൻ ചിറ്റ് നൽകുകയും ചെയ്തത്.

അതേസമയം നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ ഉന്നത സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താൻ പി.പി. ദിവ്യയുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച തന്റെ പരാതിയിലുള്ള അന്വേഷണം സർക്കാർ അട്ടിമറിക്കുന്നത് പൂർണമായും ബോധ്യപ്പെട്ടുവെന്നും പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രിയാണെന്നും എന്ത് വിലകൊടുത്തും ദിവ്യയെ സംരക്ഷിക്കുന്നതിന് പിന്നിൽ പല പ്രമുഖ സി.പി.എം നേതാക്കളുടെയും അഴിമതി ബിനാമി ഇടപാടുകൾ പുറത്തുവരുമെന്ന ഭയമാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Content Highlights: KSU leader alleges former Kannur District Panchayat President PP Divya sought to join BJP, citing discussions with national leaders. Claims government offered clean chit due to this move.