മലകയറിയതും ഇറങ്ങിയതും ടോര്‍ച്ചുവെട്ടത്തില്‍; ശബരിമല പാത മണിക്കൂറുകളോളം ഇരുട്ടിലായി

ശബരിമല പാതയിലെ പവര്‍കട്ട്
ശബരിമല പാതയിലെ പവര്‍കട്ട്

പത്തനംതിട്ട: ശബരിമലയിലേക്കുള്ള പാതയിലെ പവര്‍കട്ടില്‍ വലഞ്ഞ് ഭക്തര്‍. നീലിമലയും അപ്പാച്ചിമേടും മണിക്കൂറികളോളം ഇരുട്ടിലായി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമാണ് വൈദ്യുതി നിലച്ചത്‌. പവര്‍കട്ട് അധികൃതരുടെ ഗുരുതര സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഭക്തര്‍ മലകയറിയതും ഇറങ്ങിയതും മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ്.

നീലിമലമുതല്‍ അപ്പാച്ചിമേടുവരെയുള്ള പാതയിലാണ് പവര്‍കട്ടുണ്ടായത്. ശനിയാഴ്ച രാത്രിയിലെ പവര്‍കട്ട് അക്ഷരാര്‍ഥത്തില്‍ അയ്യപ്പഭക്തരെ വലച്ചു. പവര്‍കട്ടുണ്ടായ സമയത്തെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പമ്പയിലെ ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തകരാറാണ് പവര്‍കട്ടിലേക്ക് നയിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ കേബിള്‍ സംവിധാനവും തകരാറിലായതിനാല്‍ പകരം സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. അതാണ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചത്. 

മൊബൈല്‍ ഫോണിന്റെ വെട്ടത്തിലാണ് ഭക്തര്‍ മല കയറുകയും ഇറങ്ങുകയും ചെയ്തതെന്നും മഴയും തിരക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും അശ്വിന്‍ എന്ന അയ്യപ്പഭക്തന്‍ പ്രതികരിച്ചു. സംഭവത്തില്‍ അധികൃതര്‍ക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 


 

Content Highlights: powercut sabarimala route devotees in trouble