വൈദ്യുതി കരാർ വിവാദം: യുഡിഎഫ് കാലത്ത് നടന്നത് ഗുരുതര ചട്ടലംഘനങ്ങൾ; വിശദീകരണവുമായി ബി. അശോക്

#ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ നടപടിയെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുമ്പോൾ, വിഷയത്തിൽ വിശദീകരണവുമായി മുൻ കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക് രംഗത്തെത്തി. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഈ കരാർ റദ്ദാക്കിയതാണെന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങളാണ് അത് ഇല്ലാതാകാൻ കാരണമെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

2014-ൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ദേശീയ ബിഡിങ് പ്രക്രിയയിൽ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളം മാത്രമാണ് ഒൻപത് മാനദണ്ഡ വ്യതിയാനങ്ങൾ വരുത്തിയത്. 2015-ൽ ടി.എം. മനോഹരൻ കമ്മീഷൻ ഈ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക അനുമതി വാങ്ങാൻ കെഎസ്ഇബിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഭരിച്ച ഒരു സർക്കാരും ഈ വ്യതിയാനങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണം നിലനിൽക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കി എന്ന വാദം റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ്. ബിഡ് കണ്ടീഷനുകൾ ലംഘിച്ചതും അളവ് വിഭജിച്ചതും ബിഡിന് ശേഷം ഫിക്‌സഡ് ചാർജിൽ മാറ്റം വരുത്താൻ കമ്പനികളെ അനുവദിച്ചതും കാരണം കുറഞ്ഞ നിരക്കായ 3.60 രൂപയ്ക്ക് പകരം യൂണിറ്റിന് 4.29 രൂപയ്ക്ക് മുകളിൽ ബാധ്യത വന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു.

ഇതിനുപുറമേ, രണ്ട് ദിവസത്തെ വ്യത്യാസത്തിൽ രണ്ട് ടെൻഡറുകൾ നടത്തി ഒരേ ജനറേറ്റർ പ്ലാന്റിലെ (600 മെഗാവാട്ട് മെഷീൻ) വൈദ്യുതിക്ക് ഒരേ സമയം കെഎസ്ഇബി രണ്ട് വ്യത്യസ്ത നിരക്കുകൾ നൽകാൻ തീരുമാനിച്ചത് സാങ്കേതികമായി തെറ്റായ നടപടിയായിരുന്നുവെന്നും അശോക് ചൂണ്ടിക്കാട്ടി.

റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാത്ത പവർ പർച്ചേസ് എഗ്രിമെന്റ് (PPA) നിയമപരമായി നിലനിൽക്കില്ല. വൈദ്യുതി നിയമത്തിലെ സെക്ഷൻ 108 പ്രകാരം സർക്കാർ നൽകിയ നയപരമായ നിർദ്ദേശങ്ങൾക്ക് റെഗുലേറ്ററി കമ്മീഷൻ നിരാകരിച്ച കരാറിനെ ഓവറൈഡ് ചെയ്യാൻ കഴിയില്ലെന്ന് അപ്പലറ്റ് ട്രിബ്യൂണൽ (APTEL) വ്യക്തമാക്കിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെയോ ആപ്റ്റലിന്റെയോ മുന്നിൽ കരാറിന്റെ നിയമപരമായ സാധുത സ്ഥാപിക്കാൻ കെഎസ്ഇബിക്ക് സാധിച്ചില്ല.

കരാറില്ലാതെ വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 250 കോടിയോളം രൂപ അധികമായി നൽകിയതിനെ ചൊല്ലി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിരീക്ഷണം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014-15 കാലത്തെ പഴയ നിരക്കിൽ ഇന്ന് വൈദ്യുതി നൽകാൻ സ്വകാര്യ കമ്പനികൾ തയ്യാറല്ലെന്നും അവർ ആപ്റ്റലിനെ സമീപിച്ച് കരാറിൽനിന്ന് പിന്മാറിയതാണെന്നും ബി. അശോക് വ്യക്തമാക്കി.

വിപണിയിലെ മാറ്റങ്ങളും പണപ്പെരുപ്പവും പരിഗണിക്കുമ്പോൾ 10 വർഷം മുൻപത്തെ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല. അതിനാൽ പുതിയ ബിഡിങ് പ്രക്രിയ നടത്തുകയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു

Content Highlights: B. Ashok clarifies the power crisis, stating that the contract cancellation is not the cause, citing legal and technical issues.