ഇ-20 എഥനോൾ നയം: ചോളത്തിനും ഗോതമ്പിനും ക്ഷാമം; കത്തിക്കയറി കോഴിത്തീറ്റ വില

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി. രതീഷ്/ മാതൃഭൂമി

മലപ്പുറം: ഇ-20 എഥനോൾ നയംമൂലം കോഴിത്തീറ്റയുടെ വിലയിൽ വൻ വർധന. 50 കിലോയുടെ ഒരു ബാഗിന് കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യം കൊടുക്കുന്ന തീറ്റയായ പ്രീ സ്റ്റാർട്ടറിന് 2750, 15-ാം ദിവസം മുതൽ 28-ാം ദിവസം വരെ കൊടുക്കുന്ന സ്റ്റാർട്ടർ തീറ്റയ്ക്ക് 2715, 29-ാം ദിവസം മുതൽ കോഴിയെ വിൽക്കുന്നതുവരെ കൊടുക്കുന്ന ഫിനിഷർ തീറ്റയ്ക്ക് 2680 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. നേരത്തേ യഥാക്രമം 1850, 1900, 1950 രൂപ എന്നിങ്ങനെയായിരുന്നു.

കോഴിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്ന കമ്പം, ചോളം, ഗോതമ്പ് തുടങ്ങിയ ഉത്പന്നങ്ങൾ പെട്രോളിൽ കലർത്താനുള്ള ഇ-20 എഥനോൾ ഉത്പാദനത്തിനായി വൻതോതിൽ ഉപയോഗിക്കുന്നതാണ് നിലവിലെ വിലക്കയറ്റത്തിനു പ്രധാന കാരണം. ഇതരസംസ്ഥാനത്തുനിന്നെത്തുന്ന കോഴി ഇറക്കുമതിമൂലം വിപണിയിൽ കോഴിവിലയും വിൽപ്പനയും കുറഞ്ഞതിനാൽ ചെലവിനനുസരിച്ചുള്ള വരുമാനം കർഷകർക്ക് കിട്ടുന്നില്ല.

നിലവിൽ അയ്യായിരത്തിലേറെ കോഴികളെ വളർത്തുന്ന ഫാമുകൾക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും വീടുകളിൽനിന്നുള്ള അകലം സംബന്ധിച്ച മാനദണ്ഡം 50 മീറ്ററിൽനിന്ന് 500 മീറ്ററായി ഉയർത്തിയതും പല ചെറുകിട കോഴിഫാമുകൾക്കും പ്രവർത്തനാനുമതി കിട്ടുന്നതിൽ പ്രയാസമുണ്ടാക്കുന്നതായി കർഷകർ പറയുന്നു.

സംസ്ഥാനത്ത് ഏകദേശം നാലുലക്ഷത്തോളം ചെറുകിട കോഴിഫാമുകളുണ്ട്. 14 ലക്ഷത്തോളം കുടുംബങ്ങളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. കോഴിത്തീറ്റ വിലവർധനവും മറ്റും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

Content Highlights: Poultry feed prices in Malappuram increased drastically due to the E-20 ethanol policy., Raw materials like maize and wheat are diverted for ethanol production, driving up costs., Small-scale poultry farmers face severe financial loss amid low market prices for chicken., New pollution certificate rules and distance norms complicate operations for farms with over 5,000 birds., Kerala Poultry Farmers Association demands urgent government intervention to save 4 lakh small farms.