സിദ്ധാർഥന്റെ സാധനങ്ങൾ ഇനിയും കിട്ടാനുണ്ടെന്ന് അച്ഛൻ; പോലീസിനും കോളേജ് അധികൃതർക്കും പരാതി നൽകി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ ആൾക്കൂട്ടമർദനത്തിനിരയായി മരിച്ച ജെ.എസ്. സിദ്ധാർഥൻ ഹോസ്റ്റലിൽ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്ന് അച്ഛൻ ടി. ജയപ്രകാശ്. ഷൂസ്, പേഴ്സ്, ഷർട്ട് തുടങ്ങി 24 ഇനം സാധനങ്ങൾ ഇനിയും കിട്ടാനുണ്ടെന്നറിയിച്ച് അദ്ദേഹം ഡീനിനും വൈസ് ചാൻസലർക്കും വൈത്തിരി പോലീസിനും പരാതി നൽകി. ഇവ മാർച്ച് മൂന്നിനകം കണ്ടെത്താൽ ശ്രമിക്കുമെന്ന് കോളേജ് അധികൃതർ ഉറപ്പുനൽകി.
വെള്ളിയാഴ്ച രാവിലെയാണ് ജയപ്രകാശും ബന്ധുവായ എസ്. പ്രസാദും പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിയത്. കാർഡ്ബോർഡ് പെട്ടിയിൽ വെച്ചിരുന്ന സാധനങ്ങളിൽ സിദ്ധാർഥന്റേതല്ലെന്ന് ബോധ്യപ്പെട്ടവ തിരികെ നൽകി. കണ്ണട, ഷർട്ട്, സ്റ്റെതസ്കോപ്പ്, ഡേറ്റാ കേബിൾ, റെക്കോഡുകൾ, മഗ്ഗ് തുടങ്ങിയവയാണ് കൊണ്ടുപോയത്.
ഒക്ടോബർ അഞ്ചിനും ബന്ധുക്കളെത്തി സിദ്ധാർഥൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ തിരികെകൊണ്ടുപോയിരുന്നു. ഗിറ്റാർ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, സ്യൂട്ട് കെയ്‌സ് തുടങ്ങിയവയാണ് അന്ന് കൊണ്ടുപോയത്. അന്ന് 28 സാധനങ്ങൾ കിട്ടിയില്ലെന്ന് ആരോപിച്ച് കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയിരുന്നു. അവയിൽ പകുതിപോലും ഇപ്പോഴും തിരികെ കിട്ടിയില്ലെന്ന് ജയപ്രാശ് പറഞ്ഞു.
2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Content Highlights: pookode-vet-college-student-death-missing-belongings