12 കോടി രൂപ സ്വന്തമാക്കുന്ന ഭാഗ്യശാലി ആരാകും? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ (ബിആർ 112) നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുകയെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. 12 കോടി രൂപയാണ് പൂജാ ബമ്പർ വിജയിയെ കാത്തിരിക്കുന്നത്.
300 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബമ്പർ ഭാഗ്യക്കുറി JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് പുറത്തിറക്കിയത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും നൽകും. സമാശ്വാസ സമ്മാനമായി ഒരുലക്ഷം രൂപ വീതം നാല് പേർക്കും ലഭിക്കും. ഇതിനുപുറമെ, 5,000 രൂപ വീതം 8,100 പേർക്ക്, 1,000 രൂപ വീതം 64,800 പേർക്ക്, 500 രൂപ വീതം 1,29,600 പേർക്ക്, 300 രൂപ വീതം 1,40,400 പേർക്ക് എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും.
സമ്മാനം ലഭിച്ചെന്ന അറിയിപ്പുമായി രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിങ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യപ്പെട്ട് ഫോൺ മുഖേനയോ കത്തുകളിലൂടെയോ എത്തുന്ന സന്ദേശങ്ങൾ വിശ്വസിച്ച് പണം കൈമാറരുതെന്ന് ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും വകുപ്പ് ഡയറക്ടർ അറിയിച്ചു.
Content Highlights: Kerala Lotteries Director K. Imbasekhar announced that the Pooja Bumper BR 112 draw with a 12 crore rupee first prize will take place tomorrow at 2 PM at Gorky Bhavan in Thiruvananthapuram amid official scam warnings.