രണ്ടാം പിണറായി സർക്കാർ പിൻവലിച്ചത് സിപിഎമ്മിന്റെ 77 കേസുകൾ, ബിജെപിയുടെ 36 കേസുകൾ

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെകാലത്ത് രാഷ്ട്രീയക്കേസുകൾ പിൻവലിക്കപ്പെട്ടതിൽ സി.പി.എം. കഴിഞ്ഞാൽ മുന്നിൽ ഇടതുപക്ഷം ശക്തമായി എതിർക്കുന്ന ബി.ജെ.പി.യും എസ്.ഡി.പി.ഐ.യും.
സി.പി.എമ്മിനെതിരേയുള്ള 77 കേസുകൾ പിൻവലിച്ചപ്പോൾ ബി.ജെ.പി.യുടെ 36-ഉം എസ്.ഡി.പി.ഐ.യുടെ 17-ഉം കേസുകൾ പിൻവലിച്ചു. സി.പി.ഐ.യുടെ ആറും എസ്.എഫ്.ഐ.യുടെ എട്ടും ഡി.വൈ.എഫ്.ഐ.യുടെ നാലും കോൺഗ്രസിന്റെ 10-ഉം കേസുകളാണ് പിൻവലിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബി.ജെ.പി.യുടെ 42-ഉം എസ്.ഡി.പി.ഐ.യുടെ 18-ഉം കേസുകൾ പിൻവലിച്ചിരുന്നു.
ഹൈക്കോടതി പിടിമുറുക്കിയതോടെ രാഷ്ട്രീയക്കേസുകൾ പിൻവലിക്കുന്നതിന്റെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് രാഷ്ട്രീയപ്പാർട്ടികൾക്കും സംഘടനകൾക്കും എതിരായ 933 കേസുകളാണ് പിൻവലിച്ചത്. രണ്ടാംസർക്കാരിന്റെ കാലത്ത് ഇത് 198 ആയി ചുരുങ്ങി. ഇതെല്ലാം സമരങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ്.
കഴിഞ്ഞ സർക്കാരിന്റെ അവസാനസമയത്ത് ജനപ്രതിനിധികൾക്കെതിരായ കേസുകൾ നീണ്ടുപോകുന്നതിൽ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇത്തരം കേസുകൾ നിരീക്ഷിക്കാൻ ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചു. ഇതോടെ സമരകേസുകൾ വേഗത്തിൽ പിൻവലിക്കാനാവാത്ത സ്ഥിതിവന്നു.
2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ സി.പി.എമ്മിന്റെപേരിലുള്ള 588 കേസുകളാണ് പിൻവലിച്ചത്. ഡി.വൈ.എഫ്.ഐയുടെപേരിലുള്ള 60 കേസുകളും പിൻവലിച്ചിരുന്നു.
Content Highlights: CPM leads the list with 77 cases withdrawn during the second Pinarayi Vijayan government., BJP and SDPI follow with 36 and 17 cases withdrawn respectively., High Court intervention led to a sharp decline in withdrawn cases from 933 in the first term to 198 in the second term.