രക്ഷകരായി പോലീസെത്തി; കിണറാഴത്തിൽനിന്ന് കുഞ്ഞു സയാന് പുതുജീവൻ

മൂവാറ്റുപുഴ: കേസന്വേഷിക്കാനെത്തിയ പോലീസിന്റെ കരങ്ങൾ കിണറിന്റെ അടിത്തട്ടിൽ നിന്ന് കോരിയെടുത്തത് കുഞ്ഞു സയാന്റെ തുടിക്കുന്ന ജീവൻ. പേഴയ്ക്കാപ്പിള്ളി പൂഞ്ചേരി താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ നാല് വയസ്സുള്ള മകൻ മുഹമ്മദ് സയാനെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണിയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഒരു പരാതി അന്വേഷിക്കുന്നതിനെത്തിയ പോലീസ് യാദൃച്ഛികമായി രക്ഷകരാവുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പൂഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി അതുൽ പ്രേമും സംഘവും എത്തിയത്. സ്ഥലത്തെത്തിയപ്പോൾ കരഞ്ഞുകൊണ്ടുവരുന്ന യുവതിയെ കണ്ടാണ് ജീപ്പ് നിർത്തിയത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കിണറ്റിലേക്ക് വീണുപോയെന്ന് മനസ്സിലായതോടെ എസ്ഐ അതുൽ ഉടൻ കിണറ്റിലേക്ക് ഇറങ്ങി. മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ കിണറിന്റെ അടിയിൽനിന്ന് കോരിയെടുത്തു. അപ്പോഴേക്കും കുഞ്ഞിന് ബോധം നഷ്ടപ്പെട്ടിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഒപ്പം ഇറങ്ങി. കിണറ്റിനുള്ളിൽെവച്ചുതന്നെ കുഞ്ഞിന് അടിയന്തര ജീവൻരക്ഷാ ശുശ്രൂഷ നൽകി. ഇതോടെ ജീവിതത്തിലേക്ക് കുഞ്ഞ് തിരിച്ചുവന്നു. ഒപ്പമുണ്ടായിരുന്ന എഎസ്ഐ കെ.എസ്. ഷിനുവിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കയറും ഗോവണിയും ഇറക്കി കുട്ടിയെ പുറത്തെത്തിച്ച് ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
ചുറ്റുമതിലിന് നന്നേ പൊക്കം കുറഞ്ഞ കിണർ ഗാർഡൻ നെറ്റുകൊണ്ട് മറച്ചിരിക്കുകയായിരുന്നു. അടുത്തടുത്ത് വീടുകളുള്ള ഇവിടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അബദ്ധത്തിൽ കുഞ്ഞ് സയാൻ കിണറ്റിൽ വീണത്.
Content Highlights: Brave police officers in Muvattupuzha rescued a 4-year-old boy, Sayyan, from a deep well. Read the inspiring story of how they saved a precious life.