പോക്സോ കേസ് അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായി; ചോദിക്കാനാളില്ലാതെ ആർക്കും കയറാവുന്ന ഇടമായി SAT ആശുപത്രി

തിരുവനന്തപുരം: സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ എസ്.എ.ടി. ആശുപത്രിയിൽനിന്ന് കാണാതായി. ഗർഭിണിയായ പെൺകുട്ടിയെ ചികിത്സയ്ക്കായാണ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരിക്കൊപ്പം ആശുപത്രിയിലെത്തിച്ചത്. രണ്ടുദിവസം മുൻപ് നടന്ന സംഭവം ആശുപത്രിയുടെ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആശുപത്രി അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വയനാട്ടിലെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. കുട്ടിയെ തിരികെ കൊണ്ടുവരാനായി മെഡിക്കൽ കോളേജ് പോലീസ് സംഘം വയനാട്ടിലേക്ക് തിരിച്ചു.
വനിത-ശിശു വികസന വകുപ്പിന്റെ കീഴിൽ നെട്ടയത്തുള്ള സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ദളിത് പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് എസ്.എ.ടി.യിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അർധരാത്രിയാണ് ഇവർക്കൊപ്പമുണ്ടായിരുന്ന ജീവനക്കാരിയുടെ കണ്ണു വെട്ടിച്ച് പെൺകുട്ടി പുറത്തെത്തിയത്. പുറത്തുണ്ടായിരുന്ന സുരക്ഷാജീവനക്കാരും പെൺകുട്ടി പുറത്തുപോയത് ശ്രദ്ധിച്ചില്ല.
ആശുപത്രിയിൽ അടുത്തുണ്ടായിരുന്നവരോട് വീട്ടിലേക്ക് വിളിക്കാൻ മൊബൈൽ ഫോൺ തരുമോയെന്ന് പെൺകുട്ടി അന്വേഷിച്ചിരുന്നു. കോഴിക്കോട്ടേക്കുള്ള ട്രെയിൻ സമയങ്ങളും ചോദിച്ചറിഞ്ഞു. ഇതിനുശേഷം പ്രധാനവാതിൽവഴി പുറത്തെത്തിയ പെൺകുട്ടി സെൻട്രൽ സ്റ്റേഷനിലെത്തി ട്രെയിനിൽ നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ, പെൺകുട്ടി രക്ഷപ്പെട്ടത് പുറകിലെ വാതിലിലൂടെയാണെന്നും ഇവർക്കായി നൽകിയിരുന്ന ആശുപത്രിവസ്ത്രം മാറ്റി സ്വന്തം വസ്ത്രങ്ങൾ ധരിച്ചാണ് പോയതെന്നും എസ്.എ.ടി. സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് പറഞ്ഞു. “കോടതിനിർദേശമനുസരിച്ചാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. രക്ഷപ്പെടാൻ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ്.എ.ടി.യിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് സമഗ്രവിലയിരുത്തൽ നടത്തും’’ -സൂപ്രണ്ട് പറഞ്ഞു.
വയനാട് സ്വദേശിയായ പെൺകുട്ടിയെ പ്രായപൂർത്തിയാവാതെ ഗർഭിണിയായതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് നെട്ടയത്തുള്ള സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.
ആർക്കും കയറാം, ആരും ചോദിക്കില്ല
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായ എസ്.എ.ടി.യിൽനിന്നു പോക്സോ കേസ് ഇരയായ പെൺകുട്ടി രക്ഷപ്പെട്ടതിൽ വൻ സുരക്ഷാവീഴ്ച. സുരക്ഷാജീവനക്കാരുടെ നിയമനങ്ങളിലെ മാനദണ്ഡങ്ങളിൽ വെള്ളം ചേർത്ത് താത്കാലിക ജീവനക്കാരെ നിയമിച്ചതാണ് പ്രധാനപ്രശ്നം. മെഡിക്കൽ കോളേജിനെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും ആരോഗ്യവകുപ്പിലെ ഉന്നതന്റെ നിയമവിരുദ്ധ ഇടപെടലുള്ളതായി ആരോപണമുണ്ട്. നേരത്തെ
രോഗികളുടെ ബന്ധുക്കളെ താത്കാലിക സുരക്ഷാജീവനക്കാർ ആക്രമിച്ചപ്പോൾ ഇവരുടെ നിയമനരീതികളെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ഭരണം മാറിയിട്ടും ഇതിനു മാറ്റമില്ല.
പേവാർഡുകളിലടക്കം ഒട്ടേറെ മോഷണങ്ങളും അടുത്തിടെ നടന്നു. മെഡിക്കൽ കോളേജിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡുകളിൽ കഴിയുന്ന രോഗികളിൽനിന്ന് കഴിഞ്ഞയാഴ്ച പതിനായിരം രൂപയും മൊബൈൽ ഫോണുകളും മോഷണം പോയി. ശസ്ത്രക്രിയകൾ കഴിഞ്ഞ് കിടക്കുന്നവരാണിവിടെ അധികവും. പലരും പോലീസിൽ പരാതി നൽകാറില്ല. രാത്രികാലങ്ങളിൽ സുരക്ഷാജീവനക്കാരെ കബളിപ്പിച്ച് കടന്നുകൂടുന്ന മോഷ്ടാക്കൾ യഥേഷ്ടം വിലസുകയാണ്. താത്കാലികമായി സ്വാധീനത്തിൽ നിയമിതരാകുന്ന ചില സുരക്ഷാജീവനക്കാർ പണം വാങ്ങി പലരെയും കടത്തിവിടുന്നതായും ആരോപണമുണ്ട്. ബൈക്ക് മോഷണവും ഇവിടെ പതിവാണ്. ഒരു ബൈക്ക് മോഷ്ടാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എസ്.എ.ടി. വളപ്പ് കുറ്റവാളികളുടെ താവളം
എസ്.എ.ടി.യിലും സമാനമാണ് സ്ഥിതി. ക്രിമിനലുകളുടെ താവളമായി എസ്.എ.ടി. പരിസരം മാറിയെന്ന് ഏറെക്കാലമായി പരാതിയുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരായി ചമഞ്ഞെത്തുന്ന ഇത്തരക്കാർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സന്നദ്ധസംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണവും വാങ്ങിക്കഴിച്ച് ആശുപത്രിപരിസരങ്ങളിൽ താവളമടിക്കും. രാത്രികാലങ്ങളിൽ ഇവർ മോഷണവും നടത്തും. രോഗികളോടൊപ്പമെത്തുന്ന പുരുഷൻമാർക്കായി എസ്.എ.ടി.ക്ക് പുറത്ത് വിശ്രമകേന്ദ്രമുണ്ട്. ഇത് പലപ്പോഴും കുറ്റവാളികൾ കൈയടക്കാറുണ്ട്. പരിശോധന നടത്തേണ്ട സുരക്ഷാജീവനക്കാർ ഇവിടേക്ക് എത്താറുമില്ല. എസ്.എ.ടി.യിൽ രോഗികളൊടൊപ്പമെത്തുന്നവർ ആശുപത്രിയിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് എപ്പോൾ വിളിക്കുമെന്നറിയാത്തതിനാൽ പലപ്പോഴും വൈകിയാകും ഉറങ്ങുക. ഇത്തരത്തിൽ ക്ഷീണിച്ചുറങ്ങുന്നവരിൽനിന്ന് സ്വർണാഭരണങ്ങളടക്കം കവരാറുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടിയിലും സുരക്ഷാജീവനക്കാരായി വിമുക്തഭടൻമാരെ മാത്രമേ നിയമിക്കാവൂയെന്നും നിയമനം വിമുക്തഭടൻമാരുടെ ക്ഷേമത്തിനായി സംസ്ഥാനസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ കെക്സ്കോൺ (കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ ഡിവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ) മുഖേന മാത്രമേ പാടൂള്ളൂവെന്ന കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുണ്ട്. എന്നാൽ, ഇതൊന്നും ഇവിടെ ബാധകമല്ല.
എസ്.എ.ടിയിൽ ആകെയുള്ള അമ്പതിലേറെ സുരക്ഷാജീവനക്കാരിൽ പത്തിൽ താഴെ മാത്രമാണ് വിമുക്തഭടൻമാർ. കഴിഞ്ഞ ദിവസം പെൺകുട്ടി ഇറങ്ങിപ്പോയപ്പോഴും ഇവിടെയുണ്ടായിരുന്നത് താത്കാലിക ജീവനക്കാരാണ്. കെ.എച്ച്.ആർ.ഡബ്ലു.എസിൽ ശുചീകരണ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിച്ചശേഷം ഇവരിൽ ചിലരെ സുരക്ഷാജോലി ഏൽപ്പിക്കുകയാണ്.
രോഗികളുടെ വിധി
ആർക്കും ഏതുവഴിയും കടന്നുകയറാവുന്ന നിലയിലാണ് മെഡിക്കൽ കോളേജ് കാമ്പസ്. ഇവിടെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷാക്യാമറകൾ സ്ഥാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
Content Highlights: A pregnant POCSO survivor under state protection went missing from SAT Hospital in Thiruvananthapuram, triggering a police search that traced her to Wayanad and exposing severe security lapses at the hospital.