പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിഞ്ഞു

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ. അങ്ങനെയുള്ള സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും. എം.ഒ.യു. ഒപ്പിട്ട ശേഷം കേരളം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അബ്ദുൾ വഹാബ് എം.പിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്.
സംസ്ഥാന സർക്കാർ പറയുന്നതിന് നേർവിപരീതമാണ് നിലവിൽ കേന്ദ്രം നൽകിയിരിക്കുന്ന മറുപടി. പദ്ധതി ഒപ്പിട്ട് ഫണ്ട് വാങ്ങിച്ചു. ഇനി പിന്മാറാനാകില്ലെന്നും എം.ഒ.യു. ഒപ്പിട്ട ശേഷം പിന്മാറൽ അസാധ്യമെന്നുമായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ മറുപടിയോടെ സംസ്ഥാന സർക്കാർ വാദം പൊളിയുകയാണ്.
ഫണ്ട് നൽകിയ 35 സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും ലിസ്റ്റ് ജയന്ത് ചൗധരി പുറത്തുവിട്ടു. ഇതിൽ കേരളത്തിന്റെ പേര് ഉണ്ടായിരുന്നില്ല. അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയാൽ വിദ്യാലയങ്ങളിൽ സംസ്ഥാന പാഠ്യപദ്ധതി അതേപടി നടപ്പാക്കാനാകില്ല. കേന്ദ്രം നിർദേശിക്കുന്ന കാര്യങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഏത് കരിക്കുലം നടപ്പാക്കുമെന്ന വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. പിഎം ശ്രീ നടപ്പാക്കിയാൽ ബി.ജെ.പിയുടേയോ ആർ.എസ്എസിന്റേയോ അജണ്ടകൾക്ക് വഴങ്ങില്ലെന്നും അത്തരം പാഠ്യപദ്ധതികൾ പഠിപ്പിക്കില്ലെന്നുമായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
എന്നാൽ, ഇതിന് നേർവിപരീതമാണ് കേന്ദ്രത്തിന്റെ മറുപടി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം കേന്ദ്ര സർക്കാർ ഏത് ഘടനയാണോ നിർണയിച്ചിട്ടുള്ളത്. അതിനനുസരിച്ചായിരിക്കും പാഠപുസ്തകം എന്നാണ് കേന്ദ്രം അറിയിച്ചത്.
Content Highlights: Central government clarifies states can withdraw from PM SHRI, forfeiting benefits., Kerala has not received PM SHRI funds due to non-submission of school lists., Central government confirms adherence to NEP 2020 curriculum guidelines is mandatory., Contradiction between Kerala government claims and Central ministerial response.