'നടപടികൾ വേഗത്തിലാക്കണം, നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്'; പിഎം ശ്രീയിൽ സംസ്ഥാനത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും സംസ്ഥാന സർക്കാരിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിക്കുകയും ചെയ്തു. കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണം. എന്നാലേ തുടർനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടിയതായി ഷംസുദ്ദീൻ പറഞ്ഞു. കത്തിൽ എന്ത് മറുപടി നൽകണമെന്നത് യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി അടക്കമുള്ളവരും ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷം പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ടാമത്തെ കത്താണിത്. പി.എം.ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നാണ് കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ ആവശ്യമുയർന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണിതെന്ന് മാത്യു കുഴൽനാടൻ, പി.എം. നിയാസ്, എ.എ. ഷുക്കൂർ തുടങ്ങിയവർ ചൂണ്ടിക്കാട്ടി.

മുൻ സർക്കാർ കരാർ ഒപ്പിട്ട കാര്യം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി സ്‌കൂൾ, കരിക്യുലം എന്നിവ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി. നടപ്പാക്കിയില്ലെങ്കിൽ മറ്റുപല ഫണ്ടുകളും കേന്ദ്രം തടയുമെന്നതാണ് സ്ഥിതി. കോൺഗ്രസ് ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിൽ പി.എം.ശ്രീ. നടപ്പാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ തുടർ നടപടിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Union Education Secretary sent a fresh letter to Kerala Chief Secretary regarding the PM SHRI scheme., State Education Minister N Shamsuddeen confirmed receipt of the letter and the need to expedite cabinet subcommittee actions., UDF leadership and the Chief Minister will discuss and decide on the response., Congress leadership previously opposed the scheme, citing political agenda, while the Chief Minister noted other Congress-ruled states have adopted it.