ടൗൺഷിപ്പിന്റെ ഉത്തരവാദിത്വം വരാനിരിക്കുന്ന UDF സർക്കാരിന്, തിരിമറിയില്ലെങ്കിൽ ഭരണം ഉറപ്പ്- സലാം

#ന്യൂസ് ഡെസ്ക്ക്
പി.എം.എ സലാം | ഫോട്ടോ: മാതൃഭൂമി
പി.എം.എ സലാം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: നാലാംതീയതി കഴിഞ്ഞാൽ വയനാട് ടൗൺഷിപ്പിലെ വീടുകൾ നന്നാക്കിക്കൊടുക്കേണ്ട ബാധ്യത ലീഗ് ഉൾപ്പെടുന്ന യു.ഡി.എഫ്. സർക്കാരിന്റേതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ടൗൺഷിപ്പിലെ വീടുകൾ ഇനി വരാൻപോകുന്ന യു.ഡി.എഫ്. സർക്കാരിന്റേതാണെന്നും വീടുകളിലെ ചോർച്ചയ്ക്ക് കാരണക്കാരായവരെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തുമ്പോൾ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ലീഗ് നൽകിയ വീടുകൾ മാതൃകാപരമാണ്. വയനാട്ടിൽ ഒരു വീടുപോലും സി.പി.എമ്മിന് ഉണ്ടാക്കികൊടുക്കാൻ കഴിഞ്ഞോ? അത് ചെയ്ത ഏക രാഷ്ട്രീയപാർട്ടി മുസ്ലിംലീഗാണെന്നും സലാം പറഞ്ഞു.

വോട്ടെണ്ണൽ ദിനത്തോടടുക്കുമ്പോൾ ആത്മവിശ്വാസം കൂടിവരികയാണ്. വോട്ടുകൾ എല്ലാം പെട്ടിയിലായിട്ടുണ്ട്. പെട്ടിക്ക് അകത്തുവെച്ച് എന്തെങ്കിലും മാറ്റംവന്നിട്ടുണ്ടോ എന്നറിയില്ല. കാരണം, സ്ട്രോങ് റൂമുകൾ തുറന്നുപോയതാണ്. പലയിടത്തും സി.സി.ടി.വി. ദൃശ്യങ്ങൾ വ്യക്തമല്ലായിരുന്നു. അങ്ങനെയെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമേ മാറ്റമുണ്ടാകൂ. വ്യക്തമായ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടാകും. ഒരുപാട് പ്രതിസന്ധികളെ നേരിട്ടാകും യു.ഡി.എഫ്. ഭരണം ഏറ്റെടുക്കുക. ഖജനാവ് കാലിയാണ്. ക്രമസമാധാനം തകർന്നു. പവർകട്ട് വന്നു. തിരഞ്ഞെടുപ്പ് ഇപ്പോഴായിരുന്നെങ്കിൽ 140 സീറ്റുകളിലും യു.ഡി.എഫ്. ജയിച്ചേനെയെന്നും സലാം കൂട്ടിച്ചേർത്തു.

യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കങ്ങൾ ഇല്ലെന്നും യു.ഡി.എഫിൽനിന്ന് ഒരാൾ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനോട് മുഖ്യമന്ത്രി ആരാകണമെന്ന് നിർദേശിക്കാൻ ആവശ്യപ്പെട്ടാൽ നിർദേശിക്കുമെന്ന് പറഞ്ഞ സലാം, മുഖ്യമന്ത്രിയേക്കുറിച്ച് ലീഗ് ചർച്ചചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

Content Highlights: PM Salam Claims UDF Victory in 2026, Promises Action on Wayanad Townships