പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ; എൻ.എച്ച്. 66 രണ്ട് റീച്ചുകൾ ഉദ്ഘാടനംചെയ്യും

കൊച്ചി: ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കേരളത്തിലെത്തും. രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനും കേരള ധീവരസഭാ സുവർണജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും.
രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.30 മുതൽ ഒരുമണിവരെ കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും.
തുടർന്ന് കലൂർ സ്റ്റേഡിയത്തിനടുത്തുനിന്ന് വേദിവരെ റോഡ്ഷോയിൽ പങ്കെടുക്കും. സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയിൽ 1.15-ന് വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
2,650 കോടി രൂപ ചെലവിൽ നിർമിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷൻ (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവിൽ വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെയും ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പാലക്കാട്- പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ്ഓഫും നടക്കും.
ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം 2.15 മുതൽ 3.15 വരെ കലൂർ സ്റ്റേഡിയത്തിനുസമീപം എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ പങ്കെടുക്കും. 3.20-ഓടെ അദ്ദേഹം തിരികെ നാവിക ആസ്ഥാനത്തുനിന്ന് നെടുമ്പാശ്ശേരിക്കുപോകും. കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേക്കാണ് പോകുന്നത്.
കൊച്ചിയിലെത്തും മുൻപേ മലയാളത്തിൽ ട്വീറ്റുമായി മോദി
കൊച്ചി: എൻ.ഡി.എ. തിരഞ്ഞെടപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തുന്നതിനുമുന്നേ എക്സിൽ മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ''മാർച്ച് 11-ന് ഉച്ചയ്ക്ക് 2.15-ഓടെ എറണാകുളത്തു നടക്കുന്ന എൻ.ഡി.എ. റാലിയെ ഞാൻ അഭിസംബോധന ചെയ്യും. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരായി എൻ.ഡി.എ.യുടെ സദ്ഭരണ അജൻഡ കരുത്തോടെ നിലകൊള്ളുന്നു. വികസനത്തിലൂന്നിയ രാഷ്ട്രീയത്തിൽ എൻ.ഡി.എ. ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിലെ യുവജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷ - രാജീവ് ചന്ദ്രശേഖർ
കൊച്ചി: പ്രധാനമന്ത്രിക്കായി എൻ.ഡി.എ. സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയാണ് ബുധനാഴ്ച കൊച്ചിയിൽ നടക്കുന്നതെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി.ക്ക് ഒപ്പം ബി.ഡി.ജെ.എസ്., ട്വന്റി 20 അടക്കം 12-ഓളം ഘടകകക്ഷികൾ എൻ.ഡി.എ. യോഗത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, വികസിത കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെയും എൻ.ഡി.എ.യുടെയും കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയും സന്തോഷവും ആവേശവും ഉണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ''
Content Highlights: Inauguration of major NH-66 sections and Calicut bypass., Launch of BPCL Polypropylene unit and floating solar projects., Development projects under Amrit Bharat Station scheme., Address at the NDA election convention in Kochi., Focus on development-oriented politics for Kerala's youth.