'കെ.സിയുടെ പേര് പറഞ്ഞില്ലെന്ന് പ്രവർത്തകർ, ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്, നിങ്ങളെ കളിയൊക്കെ അറിയാമെന്ന് പി.കെ ബഷീർ’

#ന്യൂസ് ഡെസ്ക്
പി.കെ.ബഷീര്‍
പി.കെ.ബഷീര്‍

ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുള്ള മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനവേദിയിൽ മന്ത്രി പി.കെ.ബഷീർ കെ.സി.വേണുഗോപാലിന്റെ പേര് പരാമർശിക്കാത്തത് ചൂണ്ടിക്കാട്ടി പ്രവർത്തകർ. ഇതോടെ കെ.സി.വേണുഗോപാൽ വേദിയിൽ ഇല്ലാത്തതുകൊണ്ട് പറയാത്തതാണെന്ന് മറുപടി നൽകിയ ബഷീർ, താൻ ഏറനാട്ടിൽ നിന്നാണ് വരുന്നതെന്നും നിങ്ങളെ കളിയൊക്കെ നന്നായി അറിയാമെന്നും പറയുകയുണ്ടായി. മുഖ്യമന്ത്രി വി.ഡി.സതീശൻ അടക്കമുള്ളവർ വേദിയിലിരിക്കെയായിരുന്നു ഇത്. മുഖ്യമന്ത്രി മുതൽ എംഎൽഎമാരുടെ അടക്കം പേരുകൾ ബഷീർ പരാമർശിച്ചു. പിന്നാലെ സദസ്സിൽനിന്നും വേദിയിൽനിന്നുമായി കെ.സി, കെ.സി എന്ന് ചിലർ വിളിച്ച് പറഞ്ഞു. ഇതോടെ മന്ത്രി കെ.സി സ്റ്റേജിൽ ഇല്ലാതിരുന്നതിനാൽ പറയാത്തതാണെന്ന് വിശദീകരിച്ചു. 'ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്... നിങ്ങളെ കളിയൊക്കെ എനിക്ക് നന്നായി അറിയും. അതിനനുസരിച്ചുള്ള മറുപടിയും പറയും' ബഷീർ പറഞ്ഞു.

പാലം മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഉദ്ഘാടനം ചെയ്തത്. തുറവൂർ-പമ്പ സംസ്ഥാനപാതയുടെ രണ്ടാംഘട്ടമായിട്ടാണ് മാക്കേക്കടവ്-നേരേകടവ് പാലം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുള്ള എളുപ്പ പാതയായും ഇതു മാറും. ശബരിമല തീർഥാടകർക്കും ഗുണകരമാകും.

പാതയുടെ ആദ്യഘട്ടമായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം 2015-ൽ ഗതാഗതത്തിന് തുറന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനംചെയ്തത്. മാക്കേക്കടവ്-നേരേകടവ് പാലത്തിന് 2017 ജനുവരി 27-ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരനാണ് ശിലയിട്ടത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പാലംനിർമാണം വർഷങ്ങളോളം നിലച്ചിരുന്നു. 2024 മാർച്ചിൽ നിർമാണം പുനരാരംഭിച്ചു. 800 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയുണ്ട്.

പാലത്തിന്റെ 90 ശതമാനം പണികളും എൽഡിഎഫാണ് പൂർത്തിയാക്കിയതെന്ന് ഉദ്ഘാടന വേളയിൽ മുൻ എംപി എ.എം.ആരിഫ് പറയുകയുണ്ടായി. പ്രസംഗത്തിനിടെ ഈ അവകാശവാദം ഉന്നയിച്ച ആരിഫിന് നേരെ സദസ്സിൽ നിന്ന് കൂക്കിവിളി ഉയരുന്ന സാഹചര്യവും ഉണ്ടായി. 'പടച്ചതമ്പുരാൻ വിധിച്ചത് ഞങ്ങൾക്കാണ്, അതുകൊണ്ട് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നു' എന്നായിരുന്നു അധ്യക്ഷ പ്രസംഗത്തിൽ പി.കെ. ബഷീർ പറഞ്ഞത്.

ഇതിന് മറുപടിയായിട്ടായിരുന്നു ആരിഫിന്റെ പ്രതികരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പ്രവൃത്തിയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്ന് ആരിഫ് വ്യക്തമാക്കി. പ്രവൃത്തികൾ പൂർത്തിയായതിനാൽ ഉദ്ഘാടനം നടത്താമെന്ന് അന്ന് മന്ത്രി മുഹമ്മദ് റിയാസിനോട് താൻ പറഞ്ഞിരുന്നതാണ്. എന്നാൽ മന്ത്രി അതിന് തീയതി നൽകാതിരുന്നതുകൊണ്ടാണ് അന്ന് ഉദ്ഘാടനം നടക്കാതിരുന്നതെന്നും ആരിഫ് പറഞ്ഞു. തീയതി നൽകാതിരുന്നതിനാൽ ഇപ്പോൾ പടച്ചതമ്പുരാൻ എന്തായാലും നിങ്ങൾക്ക് ഉദ്ഘാടനത്തിനുള്ള അവസരം ഒരുക്കിത്തന്നുവെന്നും, അതിനാൽ നിങ്ങൾ അത് ചെയ്യൂ എന്നും ആരിഫ് പ്രസംഗത്തിൽ പറഞ്ഞു.

Content Highlights: Minister PK Basheer omitted KC Venugopal's name during the bridge inauguration, sparking protests., Chief Minister VD Satheesan inaugurated the Makkekadavu-Nerekadavu bridge on the Thuravoor-Pampa highway., Former MP AM Arif claimed LDF completed 90 percent of the bridge work, leading to heckling., The bridge improves connectivity to Idukki and Pathanamthitta, benefiting Sabarimala pilgrims.