സ്ത്രീ പീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കുന്നതാണ് സിപിഎം പാരമ്പര്യം, 'വിനാശകാലെ വിപരീതബുദ്ധി'; ഒളിയമ്പുമായി പി.കെ.ശ്രീമതി

കണ്ണൂർ: സ്ത്രീ പീഡകർ എത്ര ഉന്നതരായാലും അവർക്കെതിരെ നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂവെന്ന മുന്നറിയിപ്പുമായി മുതിർന്ന പാർട്ടി നേതാവ് പി.കെ.ശ്രീമതി. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ 'വിനാശകാലെ വിപരീതബുദ്ധി' എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂവെന്നും ശ്രീമതി വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് പി.കെ.ശ്രീമതിയുടെ പ്രതികരണം.
പദവിയിൽനിന്ന് പുറത്താക്കപ്പെട്ട സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് പി.കെ.ശ്രീമതിയുടെ ഇത്തരത്തിലുള്ള ഒരു പോസ്റ്റ്. ആരുടെയും പേര് പരാമർശിക്കാതെയാണ് പ്രതികരണം.
'ഒരു കാര്യം ഞാൻ വ്യക്തമാക്കാം' എന്ന് പറഞ്ഞാണ് ശ്രീമതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ' സിപിഎം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ ശ്രീമതി കുറിച്ചു.
സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത്നിന്ന് സുരേഷ് ബാബുവിനെ നീക്കം ചെയ്തത്. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുകയാണെന്നാണ് സുരേഷ് ബാബുവും ജില്ല നേതൃത്വവും വിശദീകരിച്ചത്. എന്നാൽ, സുരേഷ് ബാബുവിനെ പാർട്ടി മാറ്റിയത് തന്നെയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ആവർത്തിച്ച് പറഞ്ഞിരുന്നു. പ്രത്യേകമായ ഒരു കാര്യം വന്നപ്പോൾ യോഗം ചേർന്ന് മാറ്റിയതാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം സുരേഷ് ബാബുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത്.
സുരേഷ് ബാബുവിനെതിരായ നടപടിയിൽ പാർട്ടിയിൽ ഭിന്നതകൾ നിലനിൽക്കെയാണ് പി.കെ.ശ്രീമതി ഇത്തരത്തിലുള്ള ഒരു തുറന്ന പ്രതികരണം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കമന്റ് ബോക്‌സിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ശ്രീമതിയുടെ പോസ്റ്റ്.
Content Highlights: P.K. Sreemathi states CPM has a tradition of taking action against abusers regardless of their position., Comments come in the wake of E.N. Suresh Babu being removed from the position of CPM Palakkad District Secretary., Leadership offers differing remarks regarding the reasons for Suresh Babu's removal from the post.