കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു, പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾ

#ന്യൂസ് ഡെസ്ക്
പി.കെ ശശി
പി.കെ ശശി

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. 

മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ആരോഗ്യപ്രശ്‌നങ്ങളാലാണ് എൽഡിഎഫ് ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് ശശി പറഞ്ഞിരുന്നത്. എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. യാത്രയിൽ പങ്കെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ശശി മറുപടി നൽകിയിരുന്നില്ല. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ശശി എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നവയുഗ യാത്ര പാലക്കാട് എത്തുമ്പോൾ ശശി 'വിസ്മയം' തീർക്കുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഇതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് ശശിയെ പുറത്താക്കാൻ സിപിഎമ്മും നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാജി.

Content Highlights: PK Sasi Resigns as KTDC Chairman Amidst Political Realignment