പി.കെ. ശശി സിഎംപി സംസ്ഥാന സെക്രട്ടറി; പ്രഖ്യാപിച്ച് സി.പി. ജോൺ, ലയനത്തിനൊരുങ്ങി ഡിഎംഎഫ്

പാലക്കാട്: സി.പി.എം. വിമതരെ ഉൾപ്പെടുത്തി നാലുമാസം മുൻപ് പി.കെ. ശശിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഡെമക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡി.എം.എഫ്.) സി.എം.പി.യിൽ ലയിക്കും. ഡി.എം.എഫ്. നയപ്രഖ്യാപന ജില്ലാകൺവെൻഷനിൽ പ്രസിഡന്റ് പി.കെ. ശശിയാണ് സി.എം.പി. ജനറൽസെക്രട്ടറി മന്ത്രി സി.പി. ജോണിന്റെ സാന്നിധ്യത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡി.എം.എഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാർട്ടി സി.എം.പി.യാണെന്നും അതിൽ ലയിക്കാനുള്ള തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും ശശി പറഞ്ഞു. ശശിയെ സി.എം.പി. സംസ്ഥാന സെക്രട്ടറിയാക്കിയതായി സി.പി. ജോൺ അറിയിച്ചു.
27-ന് തൃശ്ശൂർ ടൗൺഹാളിൽ നടക്കുന്ന സി.എം.പി.യുടെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സെൻട്രൽ കൗൺസിൽ യോഗത്തിൽ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷൻ സി.പി. ജോൺ ഉദ്ഘാടനംചെയ്തു.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയ സർക്കാരിനെ അഭിനന്ദിച്ചും സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവാശ്യപ്പെട്ടും യോഗത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. ശശി അധ്യക്ഷനായി. നേതൃത്വംചെയ്ത തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് താനടക്കമുള്ള പലരും സി.പി.എം. വിട്ടതെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ. പറഞ്ഞു.
താൻ ശരിയുടെ പാതയിലാണെന്ന് ജനം തെളിയിച്ചു. പാർട്ടിയെ പരാജയത്തിലേക്ക് തള്ളിവിട്ടാൽ, ഉത്തരവാദിത്വം ഏറ്റെടുത്ത് നേതൃസ്ഥാനം ഒഴിയുന്ന പാരമ്പര്യം സി.പി.എമ്മിനുണ്ടായിരുന്നു. എന്നാൽ, സി.പി.എമ്മിനെ ഇല്ലാതാക്കിക്കൊണ്ടല്ലാതെ എം.വി. ഗോവിന്ദൻ അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.എഫ്. ജില്ലാസെക്രട്ടറി എം. സതീഷ്, സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എ. അജീർ, ഡി.എം.എഫ്. ജില്ലാ ഖജാൻജി കെ. ഹരിദാസ്, ഷൈബ മുരളീദാസ്, രാമകൃഷ്ണൻ, കൃഷ്ണൻ കോട്ടുമല എന്നിവർ സംസാരിച്ചു. മാർച്ച് അഞ്ചിനാണ് ഡി.എം.എഫ്. രൂപവത്കരിച്ചത്. ഒറ്റപ്പാലം മണ്ഡലത്തിൽ ശശിയാണ് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചത്.
Content Highlights: PK Sasi appointed as the new CMP State Secretary. DMF (Democratic Marxist Front) to officially merge with CMP. The merger was announced by CMP General Secretary CP John. The decision aligns with the upcoming 40th anniversary of CMP in Thrissur. Criticism raised against CPM leadership regarding organizational failures.