'മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസണ്‍ 1, അടുത്തത് സീസണ്‍ 2': ജലീലിനെതിരേ ഫിറോസ്

മലപ്പുറം: ഇടത് എംഎൽഎ കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി യൂത്ത്‌ലീഗ് നേതാവ് പി.കെ. ഫിറോസ്. മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസണ്‍ 1 ആണെന്നും എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്ന സീസണ്‍ 2 നാളെ യൂത്ത് ലീഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പൂക്കോട്ടൂര്‍ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫിറോസ്.
ജലീലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പി.കെ ഫിറോസിന്റെ പ്രസംഗം. വയനാട്ടില്‍ ലീഗ് വാങ്ങിയ സ്ഥലത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ കഴയില്ലെന്നാണ് ജലീല്‍ പറഞ്ഞത്. എന്നാല്‍ അവിടെ 105 വീടുകളുടെ നിര്‍മാണ ഉദ്ഘാടനം പാണക്കാട് സയ്യദ് സാദ്ദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ അങ്ങാടിയില്‍ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അല്‍പ്പനെയാണ് തനിക്ക് കാണാന്‍ സാധിച്ചതെന്നും പി.കെ. ഫിറോസ് പറഞ്ഞു. സിബിഐയില്‍ പരാതി കൊടുത്താലും രോമത്തിന് പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ല. ഒരു ലീഗ് പ്രവര്‍ത്തകന്റെയും ദേഹത്ത് മണ്ണിടാന്‍ കഴിയില്ലെന്നത് തന്റെ ആത്മവിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: pk firoz against kt jaleel