'താഴമ്പൂ മണമുള്ള'; കമ്മ്യൂണിസ്റ്റ് കോട്ടയിൽ പാട്ടുപാടി വോട്ടുകൾ വാരിക്കൂട്ടിയ ജോസഫ് മാജിക്

#ജോർജ് തോമസ്
കേരളത്തിലെത്തിയ രാജീവ് ഗാന്ധിയെ കെ.എം. മാണിക്കും ടി.എം. ജേക്കബിനുമൊപ്പം സ്വീകരിക്കുന്ന യുവാവായ പി.ജെ. ജോസഫ് ( ഫയൽചിത്രം)
കേരളത്തിലെത്തിയ രാജീവ് ഗാന്ധിയെ കെ.എം. മാണിക്കും ടി.എം. ജേക്കബിനുമൊപ്പം സ്വീകരിക്കുന്ന യുവാവായ പി.ജെ. ജോസഫ് ( ഫയൽചിത്രം)

തൊടുപുഴ: രാഷ്ട്രീയംപറഞ്ഞു മാത്രമല്ല, പാട്ടുപാടിയും വോട്ടുപിടിക്കാൻ വല്ലാത്ത കഴിവാണ് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്. എം.എൽ.എ.യായും മന്ത്രിയുമായെല്ലാം കയറിച്ചെന്ന വേദികളിലെല്ലാം പി.ജെ. തന്റെ ഗാനാലാപന ശൈലികൊണ്ടുതന്നെ സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്.

പ്രചാരണത്തിനെത്തുന്ന ജോസഫിന് വേണ്ടി പാർട്ടികളും മുന്നണികളും ഗാനമേളവരെ ഒരുക്കിയത് രാഷ്ട്രീയചരിത്രത്തിലെ അപൂർവതയാണ്. തൊടുപുഴയിൽ മത്സരിക്കുന്ന മകൻ അപുവും പിതാവിന്റെ ആ ലെഗസി പിന്തുടരുന്നുണ്ട്. എന്നാൽ, പാട്ടുംപാടി വോട്ട് പിടിക്കാമെന്ന് ജോസഫ് തിരിച്ചറിഞ്ഞത് എപ്പോഴായിരിക്കും. അത് 1970-ലെ തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെയെന്നാണ് ഉത്തരം. തൊടുപുഴ മണ്ഡലത്തിലെ കമ്യൂണിസ്റ്റ് കോട്ടയായ പട്ടികജാതി നഗറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് പി.ജെ.യിലെ പാട്ടുകാരനെ ഉണർത്തിയത്. അന്ന് തുടങ്ങിയ പാട്ട് പിന്നെ കേരളം പലകുറി കേട്ടു, ചർച്ച ചെയ്തു, വാർത്തകളിലും നിറഞ്ഞു.

1970-ൽ തന്റെ 28-ാം വയസ്സിൽ അപ്രതീക്ഷിതമായാണ് പി.ജെ. ജോസഫ് സ്ഥാനാർഥിയായത്. രാഷ്ട്രീയത്തോട് അമിത താത്പര്യമില്ലാതിരുന്ന പി.ജെ. അമേരിക്കയിലേക്ക് പോകാൻ തയ്യാറെടുത്തതായിരുന്നു. എന്നാൽ, നിർബന്ധിച്ച് കേരള കോൺഗ്രസ് അംഗത്വം നൽകുകയായിരുന്നു. ഒടുവിൽ സ്ഥാനാർഥിയുമായി. ശക്തമായ ത്രികോണമത്സരമായിരുന്നു തൊടുപുഴയിൽ അന്ന്.

ഇ.എം.എസ്. പിന്തുണച്ച യു.കെ. ചാക്കോ സി.പി.എം. സ്വതന്ത്ര സ്ഥാനാർഥി. കെ.എം. എബ്രഹാം കോൺഗ്രസിനുവേണ്ടിയും മത്സരിക്കുന്നു. മണ്ഡലത്തിന്റെ ഒരുഭാഗത്ത് കേരള കോൺഗ്രസിന് നല്ല സ്വാധീനമുണ്ട്. പക്ഷേ, മറ്റു പലയിടങ്ങളിൽ കാര്യമായ വോട്ടില്ല. അങ്ങനെയുള്ള സ്ഥലമായിരുന്നു കലൂരിലെ പട്ടികജാതി നഗർ. കമ്യൂണിസ്റ്റ് പാർട്ടി ചിഹ്നത്തിൽ മാത്രം വോട്ടുചെയ്യുന്നവരുടെ നാട്. ഒറ്റ വോട്ടുപോലും കിട്ടില്ലെന്ന് പ്രവർത്തകർ പറഞ്ഞെങ്കിലും ഒന്നുപോയി നോക്കാമെന്നായി ജോസഫ്. പക്ഷേ, സ്വീകരണവും പ്രസംഗവുമൊക്കെ കഴിഞ്ഞ് അവിടെയെത്തുമ്പോൾ നേരം ഏറെ ഇരുട്ടി. മറുചേരിയിലാണെങ്കിലും ചെറുപ്പക്കാരനായ എതിർസ്ഥാനാർഥിയെ കാണാൻ അവിടെയുള്ളവരെല്ലാമെത്തി. പ്രസംഗിക്കുന്നില്ല.

പകരം ഞാനൊരു പാട്ടുപാടാമെന്നായി പി.ജെ. ‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ...’ എന്ന പാട്ട് മുഴുവൻ പാടിത്തീർന്നപ്പോൾ വലിയ കരഘോഷം ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോളാണ് എല്ലാവരും ഞെട്ടിയത്. ആ പ്രദേശംനിന്ന ബൂത്തിൽ 85 ശതമാനം വോട്ടുകളും പി.ജെ.യുടെ പെട്ടിയിൽവീണു. ത്രികോണ മത്സരം നടന്ന തിരഞ്ഞെടുപ്പിൽ ചുരുങ്ങിയ വോട്ടുകൾക്ക് ജയിക്കാൻ അന്ന് പാടിയ പാട്ടും ‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയും’ സഹായകരമായി.

Content Highlights: Discover how PJ Joseph used his singing talent to win votes in a communist stronghold during his first election in 1970.