പിണറായി അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

#അമല്‍ തേനംപറമ്പില്‍ | മാതൃഭൂമി ന്യൂസ്
പിണറായി വിജയൻ, മണിശങ്കർ അയ്യർ | Photo: Mathrubhumi
പിണറായി വിജയൻ, മണിശങ്കർ അയ്യർ | Photo: Mathrubhumi

തിരുവനന്തപുരം: പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കവേ ആയിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. പിണറായി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ സംസാരിച്ചപ്പോഴായിരുന്നു മണിശങ്കർ അയ്യരുടെ വാക്കുകൾ.

സർക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ യുഡിഎഫ് വിട്ടുനിൽക്കുന്നതിലെ വിഷമവും മണിശങ്കർ അയ്യർ പങ്കുവെച്ചു. മുൻപ് യുഡിഎഫ് ബഹിഷ്‌കരിച്ച നവകേരള സദസ്സിന്റെ സമാപനസമ്മേളനത്തിലും മണിശങ്കർ അയ്യർ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കരുത് എന്ന നിർദേശം തനിക്ക് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് പങ്കെുത്തത് എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

കോൺഗ്രസുമായി കുറച്ചുകാലമായി അകൽച്ചയിലാണ് മണിശങ്കർ അയ്യർ. സംസ്ഥാനത്ത് അധികാരത്തിലേക്ക് മടങ്ങിയെത്താൻ കോൺഗ്രസ് പരമാവധി ശ്രമിക്കുന്നതിനിടെ മുതിർന്ന നേതാവിൽനിന്നുണ്ടായ പ്രസ്താവന ഇതിനകം പാർട്ടിയിൽ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. മണിശങ്കർ അയ്യരുടെ പ്രസ്താവനയെകുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, അദ്ദേഹം കുറച്ചുകാലമായി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.

Content Highlights: pinarayi vijayan will get another term as chief minister says senior congress leader manishankar aiyar