ക്യാപ്റ്റനായി പിണറായി തന്നെ; പിബിയിൽ തീരുമാനം, പ്രഖ്യാപിച്ച് എം.എ.ബേബി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയാണ് ഇക്കാര്യം അറിയിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിലാകും കേരളത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക.
അതേസമയം പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറയാൻ ബേബി തയ്യാറായില്ല. മുഖ്യമന്ത്രി ആരെന്നത് വിജയിച്ചതിന് ശേഷം തീരുമാനിക്കുന്നതാണ് പാർട്ടിയുടെ രീതിയെന്ന് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
യുവാക്കളും മുതിർന്നവരും സ്ഥാനാർഥി പട്ടികയിലുണ്ടാകും. മാർച്ച് ആദ്യ വാരത്തോടെ സ്ഥാനാർഥി പട്ടിക വരുമെന്നും ബേബി പറഞ്ഞു.
പിണറായി മത്സരിക്കാൻ പിബിയിൽ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്നും മറ്റാരെല്ലാം മത്സരിക്കുമെന്നതിൽ ഉടൻ ധാരണയിലെത്തുമെന്നും ബേബി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിശദമായ ചർച്ച നടത്തി 5 ദിവസത്തിനകം തീരുമാനങ്ങളെടുക്കുമെന്നും ബേബി പറഞ്ഞു.
Content Highlights: Pinarayi Vijayan is confirmed to lead the LDF in the upcoming assembly elections