എൽഡിഎഫിന്റെ നയം അട്ടിമറിച്ചു, യുഡിഎഫിന് ക്ഷേമപദ്ധതികൾ സർക്കാരിന്റെ ഔദാര്യമാണെന്ന നിലപാട്- പിണറായി

തിരുവനന്തപുരം: ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്ന എൽഡിഎഫ് നയം അട്ടിമറിച്ച്, അവ സർക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര തുടങ്ങി കേവലം രണ്ട് മാസം പിന്നിടുമ്പോഴേക്കും അവർ സൗജന്യ യാത്രയ്ക്ക് ബസ്സിൽ തള്ളിക്കയറുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിന്ദ്യവും അവഹേളനപരവുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് നൽകിയ വാഗ്ദാനം. എന്നാൽ, അധികാരത്തിൽ എത്തിയപ്പോൾ അത് ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കി. ഇപ്പോൾ, പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ ദാരിദ്ര്യം അഭിനയിക്കുന്നവരെന്ന് പരിഹസിക്കുക മാത്രമല്ല, സ്വകാര്യബസ് മേഖല പ്രതിസന്ധി നേരിടുന്നതിനു കാരണം അവർ കെ.എസ് ആർ.ടി.സി.യിൽ തള്ളിക്കയറുന്നതാണെന്ന് കൂടി നിർലജ്ജം ആരോപിക്കുകയാണ്.
മന്ത്രിയുടെ വാക്കുകൾ കേവലം ഒരു നാക്കുപിഴയല്ല. മറിച്ച്, അതിൽ മുഴച്ചുനിൽക്കുന്നത് യുഡിഎഫ് സർക്കാരിന്റെ നയസമീപനമാണ്. സാമ്പത്തികമായ മുന്നൊരുക്കങ്ങളില്ലാതെയും മതിയായ ഫണ്ട് അനുവദിക്കാതെയും സൗജന്യ യാത്ര നടപ്പിലാക്കിയത് കെഎസ്ആർടിസിയെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഭരണതലത്തിലെ സ്വന്തം വീഴ്ചകൾക്ക് സ്ത്രീകളെ പഴിചാരുകയാണ് ഗതാഗതമന്ത്രി.
കേരളത്തിൽ കുടുംബിനികളുടെ കൈയിൽ പണമില്ലെന്ന് മന്ത്രി പുച്ഛിക്കുമ്പോൾ, അവരുടെ ക്ഷേമത്തിനായി പ്രതിമാസം ആയിരം രൂപ വീതം നൽകി നടപ്പാക്കിയ ‘സ്ത്രീ സുരക്ഷാ പദ്ധതി’ മുടക്കിയത് ഈ സർക്കാരാണെന്നത് ഓർക്കണം. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രക്രിയയിലെ മാതൃകയായ കുടുംബശ്രീയെ തകർക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. കുടുംബശ്രീയിലെ കൂട്ട പിരിച്ചുവിടൽ അതിന്റെ സൂചനയാണ്. അഞ്ചരലക്ഷം പേർക്ക് വീട് നൽകിയ ലൈഫ് പദ്ധതിയും മുടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബജറ്റിൽ പദ്ധതി തുടരാനാവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല.
എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ പതിനാറ് ലക്ഷത്തോളം വരുന്ന നിർദ്ധനരായ സ്ത്രീകൾക്കാണ് കൈത്താങ്ങ് ലഭിച്ചത്. യാതൊരു രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ നടപ്പിലാക്കിയ ഈ ജനകീയ പദ്ധതി ഇല്ലാതാക്കിയ ഈ സർക്കാർ പ്രിയദർശിനി പദ്ധതി വഴി സൗജന്യയാത്ര നടത്തുന്ന നാമമാത്രമായ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചവിട്ടി മെതിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സർക്കാരിന്റെ ഈ നിലപാടിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
Content Highlights: Opposition Leader Pinarayi Vijayan severely criticized the UDF government and the Transport Minister over disparaging comments regarding women using free bus travel schemes, asserting that welfare programs are people's rights rather than governmental charity.