നിപ മരുന്നിന്റെ പേരിലുള്ള ആരോപണങ്ങൾ പച്ചക്കള്ളം- പിണറായി വിജയൻ

•  മറൈൻഡ്രൈവിൽ കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു.) റെഡ് ബ്രിഗേഡ് സേവന സന്നദ്ധ സേനയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സേനാംഗങ്ങളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്നു| ഫോട്ടോ: എം.വി. സിനോജ്
•  മറൈൻഡ്രൈവിൽ കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു.) റെഡ് ബ്രിഗേഡ് സേവന സന്നദ്ധ സേനയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സേനാംഗങ്ങളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്നു| ഫോട്ടോ: എം.വി. സിനോജ്

കൊച്ചി: നിപ മരുന്നിന്റെ പേരിലുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യമന്ത്രി ഉദ്ദേശിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷനു (സി.ഐ.ടി.യു.) കീഴിൽ രൂപവത്കരിച്ച 'റെഡ് ബ്രിഗേഡ്' സന്നദ്ധ സേവന സേനയുടെ ഉദ്ഘാടനം മറൈൻഡ്രവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരിടൈം നിയമത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ട തീരമുൾപ്പെടെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്. മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും വി.ഡി. സതീശൻ തന്നെയായതിനാൽ മാരിടൈം ബോർഡിന്റെ ചെയർമാനും വൈസ് ചെയർമാനും അദ്ദേഹം തന്നെയാകും. റവന്യൂ, ഫിഷറീസ് വകുപ്പുകൾക്ക് ഇക്കാര്യത്തിൽ യാതൊരു സ്ഥാനവുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ലേബർകോഡ് നടപ്പാക്കരുതെന്നാണ് എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നത്. അതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഗോപാൽ ഗൗഡ കമ്മിഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാൽ, തുടർനടപടിക്ക് യു.ഡി.എഫ്. സർക്കാർ തയ്യാറാകുന്നില്ല. ലേബർ കോഡ് നടപ്പാക്കുന്നതോടെ ഇന്നുള്ള തൊഴിൽ സ്ഥിരതയും ഇല്ലാതാകും.

നാടിന്റെയാകെ ഭടന്മാരായി മാറുന്ന റെഡ് ബ്രിഗേഡ് വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

വരുന്ന ആറ് മാസത്തിനുള്ളിൽ റെഡ് ബ്രിഗേഡിന്റെ അംഗബലം പതിനായിരമാകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാമു, സി.ഐ.ടി.യു. സെക്രട്ടറി വി. ശിവൻകുട്ടി, വൈസ് പ്രസിഡന്റ് എസ്. ശർമ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. മോഹനൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ടി.വി. അനിത എന്നിവർ സംസാരിച്ചു.

Content Highlights: Pinarayi Vijayan dismisses Nipah medicine allegations as completely false., Accuses the government of coastal asset handover to corporates via maritime laws., Highlights the delay in acting on the Gopal Gowda Commission report on labor codes., Inaugurated the Red Brigade volunteer force by CITU in Kochi.