'ഒരു സംശയവും വേണ്ട, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിനു തന്നെ'; നിലപാടിലുറച്ച് പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് നൽകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദവിക്കായുള്ള തങ്ങളുടെ ആവശ്യം തള്ളിയതോടെ സിപിഐ മുന്നണിയിൽ കടുത്ത നിലപാടുകളിലേക്ക് കടക്കും.
ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആ പദവി സിപിഎംതന്നെ വഹിക്കുമെന്ന് തീർത്തുപറഞ്ഞത്. അതിനായി താൻ സ്പീക്കർക്ക് ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂ. അത് ഉടൻ നൽകുമെന്നും പിണറായി പറഞ്ഞു.
'പ്രതിപക്ഷ ഉപനേതാവ് ആരാണെന്നത് സംബന്ധിച്ച് സ്പീക്കർക്ക് ഒരു കത്ത് കൊടുക്കേണ്ട താമസമേയുള്ളൂ. ആ കത്ത് ഞാനാണ് എഴുതി കൊടുക്കേണ്ടത്. കത്ത് കൊടുത്താൽ ഉപനേതാവ് വരും', പിണറായി പറഞ്ഞു. കത്തിലെ പേര് സിപിഐ നേതാവിന്റെതാകുമോ അതോ സിപിഎം നേതാവിന്റെതാകുമോ എന്ന് ഈ ഘട്ടത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചു.'അതിൽ ഒരു സംശയവുമില്ല. സിപിഎം നേതാവിന്റെ പേരായിരിക്കും' എന്ന് പിണറായി മറുപടി നൽകി.
എന്നാൽ, പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽനിന്ന് ഒരു രീതിയിലും പിന്നോട്ടുപോകില്ലെന്നാണ് കഴിഞ്ഞ ദിവസംവരെ സിപിഐ അറിയിച്ചത്. നിയമസഭയിൽ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ എൽ.ഡി.എഫിന്റെതായി ഉണ്ടാകില്ല. അതുണ്ടാകണമെങ്കിൽ സി.പി.ഐ.യുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഒപ്പം, ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സിപിഐ.ക്കെതിരേ ഘടകക്ഷികളെ ഉപയോഗിച്ച് മോശംകളിക്ക് സിപിഎം ഇറങ്ങിയെന്ന ഗുരുതര ആരോപണവും ബിനോയ് വിശ്വം ഉയർത്തിയിരുന്നു.
'സി.പി.ഐ.ക്കെതിരേയുള്ള കാര്യങ്ങൾ മുന്നണി ഘടകകക്ഷികളോട് ഒറ്റക്കൊറ്റയ്ക്ക് സി.പി.എം. നേതാക്കൾ പറഞ്ഞു. അവരിൽനിന്നുതന്നെയാണ് വിവരം അറിഞ്ഞത്. ഉടനെ സി.പി.എം. നേതാക്കളെ വിളിച്ച് മറുപടിനൽകി. നിങ്ങൾക്കുള്ളതിനെക്കാൾ വ്യക്തിബന്ധം തങ്ങൾക്കുണ്ടെന്നും ഘടകക്ഷികളെ എതിരാക്കാൻനോക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നുമാണ് സി.പി.എം. നേതാക്കളോട് പറഞ്ഞത്', ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: Pinarayi Vijayan officially stated that the opposition deputy leader post will be held by CPI(M)., CPI strongly demanded the post, leading to escalating tensions within the LDF alliance., Binoy Viswam accused CPI(M) of playing dirty politics by turning other coalition partners against CPI.