കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ മുന്നിലുണ്ട്,LDF സ്ഥാനാർഥികൾക്ക് വൻവിജയം നൽകണം-പിണറായി

കണ്ണൂർ: സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ സിപിഎം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരുന്നു.
ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു. ജനിച്ചു വളർന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്. എക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്‌നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കൽക്കൂടി എൽഡിഎഫ് സ്ഥാനാർഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സിപിഎം സ്ഥാനാർഥി പട്ടിക വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 56 എംഎൽഎമാരാണ് ഇത്തവണ ഇറങ്ങുന്നത്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ധർമ്മടത്തുനിന്നാണ് പിണറായി വിജയൻ ജനവിധി തേടുന്നത്. കേരളത്തിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മേയ് നാലിന് വോട്ടെണ്ണൽ.
Content Highlights: Pinarayi Vijayan seeks re-election from Dharmadam constituency., CPM announces 86 candidates for the upcoming Kerala assembly polls., CM calls for massive mandate for LDF based on past 10 years of development., Election dates confirmed for April 9 with counting on May 4.