‘നാളെ ഹാജരാവാൻ കഴിയില്ല’; ഇ.ഡിക്ക് കത്തയച്ച് പിണറായി വിജയൻ

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിന് ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കി പിണറായി വിജയൻ കത്തയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചുള്ള സമൻസിനാണ് പിണറായി വിജയൻ രേഖാമൂലം മറുപടി കൈമാറിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് ഉടൻ പരിഗണിക്കുമെന്ന സുപ്രീംകോടതിയുടെ ഇടപെടലാണ് പ്രധാന കാരണമായി അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
23ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പിണറായി വിജയന് ഇ.ഡി സമൻസ് നൽകിയത്. എന്നാൽ ഹാജരാവാൻ കഴിയില്ലെന്ന് കാണിച്ചുകൊണ്ടാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാരിക്ക് പിണറായി വിജയൻ കത്ത് കൈമാറിയത്. സുപ്രീം കോടതി ഇടപെടലിന് പിന്നാലെ നിയമസഭാ സമ്മേളനവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവാണ്. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ അതിന്റെ തിരക്കുകളിലാണുള്ളത്. അതിനാൽ ഹാജരാവാൻ കഴിയില്ലെന്നും കത്തിൽ പറയുന്നുണ്ട്.
സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം സുപ്രീംകോടതി ഏഴുദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ പിണറായി, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇവർക്ക് അപ്പീൽ നൽകുന്നതിനാണ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.
Content Highlights: Pinarayi Vijayan responded to ED summons stating inability to appear at the Kochi office., Supreme Court has stayed the investigation in the CMRL-Exalogic case for seven days., The ongoing Kerala Legislative Assembly session is cited as another reason for non-appearance.