കേസെടുത്താൽ ബിജെപിക്ക് വേണ്ടിയെന്ന പഴി, ഇല്ലെങ്കിൽ നിസ്സംഗത പുലർത്തിയെന്ന ആക്ഷേപം; വെട്ടിലായി സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെപേരിൽ കേസെടുക്കാൻ ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ കത്ത് മേശപ്പുറത്തുള്ളപ്പോൾ സംസ്ഥാനസർക്കാരിന്റെ മുന്നിലുള്ളത് രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നങ്ങൾ. കേസെടുത്താൽ കേന്ദ്രഭരണമുള്ള ബി.ജെ.പി.ക്കുവേണ്ടിയാണെന്ന പഴി കേൾക്കേണ്ടിവരും. ഇല്ലെങ്കിലാവട്ടെ, ഒരു കേന്ദ്ര ഏജൻസി ഉന്നയിച്ച ഗുരുതരമായ പ്രശ്നത്തിൽ സർക്കാർ നിസ്സംഗത പുലർത്തിയെന്ന ആക്ഷേപവും ഉയരും.
അതിനാൽ, തുടർനടപടി സൂക്ഷിച്ചുമതിയെന്ന നിലപാടിലാണ് സർക്കാർ. കേസെടുപ്പ് നീണ്ടാൽ, പരാതിക്കാരനായ ബി.ജെ.പി. നേതാവ് കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമുണ്ട്. സങ്കീർണതകൾ ഏറെയുള്ളതിനാൽ, തുടർനടപടിക്ക് നിയമപരവും രാഷ്ട്രീയവുമായ സാധ്യതകൾ പരിശോധിക്കുകയാണ് സർക്കാർ.
രാജ്യമെങ്ങും പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാനുള്ള രാഷ്ട്രീയ ഉപകരണമായി ഇ.ഡി.യെ ബി.ജെ.പി. ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ദേശീയ നിലപാട്. കേരളത്തിൽ ശത്രുപക്ഷത്താണെങ്കിലും ദേശീയതലത്തിൽ ബി.ജെ.പി.യെ ചെറുക്കാനുള്ള ഇന്ത്യസഖ്യത്തിലാണ് കോൺഗ്രസും സി.പി.എമ്മും. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയുംപേരിൽ ഇ.ഡി. കേസെടുത്തപ്പോൾ കോൺഗ്രസിനെ സി.പി.എം. പിന്തുണച്ചിരുന്നു. പിണറായിക്കെതിരേ ഉടനടി കേസെടുക്കുന്നത് ഇന്ത്യസഖ്യത്തിലൊരു കല്ലുകടിയാവും.
അതേസമയം, വീണ ഉൾപ്പെട്ട എക്സാലോജിക് കേസിൽ തുടക്കംമുതലേ കേരളത്തിലെ കോൺഗ്രസ് പിണറായിയെ ഉന്നമിട്ടിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എ. സുപ്രീംകോടതിയെവരെ സമീപിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും പിണറായിക്കും നേരേ കേസ് ആയുധമാക്കി, സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണത്തിന്റെ മൂർച്ച കൂട്ടി. പിണറായിയെ എന്തുകൊണ്ട് ഇ.ഡി. തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നതുവരെ തർക്കങ്ങളെത്തി.
ഇ.ഡി.യിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്നാണ് സി.പി.എമ്മിന്റെ വിമർശനം. ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റുചെയ്തതും പിണറായിക്കെതിരേയുള്ള ആരോപണവുമൊക്കെ പാർട്ടി ഉയർത്തിക്കാട്ടുന്നു.
Content Highlights: The Kerala government is facing a severe political and administrative dilemma after receiving an ED letter demanding a case against Pinarayi Vijayan, as taking action risks accusations of aiding the BJP, while inaction invites criticism of indifference, further complicating relations within the INDIA bloc and state politics.