ശമ്പളം വാങ്ങാന്‍ പോകുന്നവര്‍ക്ക് സഞ്ചാര ഇളവ്, നഴ്സുമാരുടെ പ്രശ്നം പരിശോധിക്കും

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സഞ്ചാര ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫീസിലോ ബാങ്കിലോ പോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൃത്യമായ ശാരീരിക അകലം പാലിച്ച്, കൃത്യമായ രേഖകള്‍ കൈയില്‍ വെച്ച് ഈ സൗകര്യം വിനിയോഗിക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനും അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും പട്ടികവര്‍ഗ ക്ഷേമ വകുപ്പും വനംകുപ്പും സംയുക്തമായി ചില നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഗതികള്‍, തെരുവില്‍ ഉറങ്ങുന്നുന്നവര് എന്നിവരെ പുനരധിവസിപ്പിക്കാന്‍ 44 ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2569 പേരെ ഇത്തരത്തില്‍ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 31-ന് വിരമിക്കേണ്ട ആളുകള്‍ക്ക് യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ ഓഫീസില്‍ എത്തിച്ചേരാനോ ഔദ്യോഗികമായ ചാര്‍ജ് കൈമാറ്റം നടത്താനോ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഔപചാരികമായ ചാര്‍ജ് കൈമാറ്റം നടന്നില്ലെങ്കിലും അത്തരക്കാര്‍ വിരമിച്ചതായി കണക്കാക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് പ്രയാസമുള്ളതിനാല്‍ അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്ഷന്, വിധവ പെന്ഷന് എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു.
ചില സ്വകാര്യ ആശുപത്രികളില്‍ മൂന്ന് നാല് ദിവസമായി സ്റ്റാഫ് നേഴ്സുമാര്‍ ജോലി ചെയ്യുകയാണെന്നും ശമ്പളരഹിത അവധിയാണെന്നും പരാതിയുണ്ടെന്നും സംഭവം വസ്തുതയാണെങ്കില്‍ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളുമായി സംസാരിക്കാന്‍ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ഒരു കാര്യത്തില്‍ എല്ലാ തൊഴില്‍ ഉടമകള്‍ക്കും വ്യക്തത വേണം. ഇത്തരം ഒരു ഘട്ടത്തില്‍ തൊഴിലാളികളുടെ വേതനം കുറയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Content Highlights: Pinarayi Vijayan Announces More Travel concession
Content Highlights: