ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് PFI റിപ്പോർട്ടർവിങ്ങെന്ന് NIA; 'ഇല്ലാതാക്കാൻ സർവീസ്-ഹിറ്റ് ടീം'

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ |ഫോട്ടോ:മാതൃഭൂമി
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ മുന്‍ ജില്ലാ ജഡ്ജി ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള 977 പേരുണ്ടെന്നും എന്‍ഐഎ. ആര്‍എസ്എസ് നേതാവ് പാലക്കാട്ടെ ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലര്‍ ഫ്രണ്ടിന് ഭീഷണിയെന്ന് കരുതുന്നവരെ ഇല്ലാതാക്കാനാണ് ലിസ്റ്റെന്നും എന്‍ഐഎ പറയുന്നു. പ്രതികളായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, കെ.പി. അന്‍സാര്‍, കെ.വി. സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. 69-ാം പ്രതി ടി.എ. അയൂബിന്റെ വീട്ടില്‍നടത്തിയ പരിശോധനയില്‍ 500 പേരുടെ വിവരങ്ങളുള്ള ഹിറ്റ് ലിസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. 51-ാം പ്രതിയായ സിറാജുദ്ദീനില്‍നിന്നു പിടിച്ചെടുത്ത രേഖകളില്‍ 240 പേരുകള്‍ കാണാം. ഒളിവില്‍ക്കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാബിന്റെ പേഴ്‌സില്‍നിന്ന് അഞ്ചുപേരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഹിറ്റ് ലിസ്റ്റ് കണ്ടെത്തി. മാപ്പുസാക്ഷിയായ വ്യക്തിയുടെ പക്കല്‍നിന്നു കണ്ടെത്തിയ ലിസ്റ്റില്‍ 232 പേരുകളാണുണ്ടായിരുന്നത്.

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യ 2047 എന്ന അജന്‍ഡയുടെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് എന്‍ഐഎ പറയുന്നത്. ശ്രീനിവാസന്റെ കൊലപാതകം ഈ അജന്‍ഡയുടെ ഭാഗമായിരുന്നു. പിഎഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും വര്‍ഗീയകലാപങ്ങളും ഭീകരപ്രവര്‍ത്തനവും നടത്തുന്നതിനായി ഗൂഢാലോചന നടത്തിയതായി എന്‍ഐഎ വ്യക്തമാക്കുന്നു. സമീപകാലത്ത് കേരളത്തിലുണ്ടായ അക്രമസംഭവങ്ങളിലും കൊലപാതകങ്ങളിലും ഇവരുടെ പങ്ക് കാണാന്‍കഴിയുമെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

തയ്യാറാക്കുന്നത് റിപ്പോര്‍ട്ടര്‍വിങ് 

പോപ്പുലര്‍ ഫ്രണ്ടിന് ഭീഷണിയെന്ന് കരുതുന്നവരെ ഉള്‍പ്പെടുത്തി അതിന്റെ 'റിപ്പോര്‍ട്ടര്‍ വിങ്ങാ'ണ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്നാണ് എന്‍ഐഎ പറയുന്നത്. സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ടാകും. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന നേതാക്കള്‍ക്ക് കൈമാറുകയാണ് പതിവ്. ഈ വിവരങ്ങളെല്ലാം ഇടയ്ക്കിടെ പുതുക്കും. പിന്നീട് സര്‍വീസ് വിങ്ങും ഹിറ്റ് ടീമും ഇവരെ ഇല്ലാതാക്കാന്‍ ശ്രമിക്കും. അണികളെ പരിശീലിപ്പിക്കുന്നതിന് ഒരു ആയുധ പരിശീലന വിഭാഗവും പോപ്പുലര്‍ ഫ്രണ്ടിനുണ്ട്.

ആലുവയിലെ പെരിയാര്‍വാലി കാമ്പസ് ആയുധപരിശീലന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഐഎ വ്യക്തമാക്കുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികള്‍

എന്‍ഐഎയുടെ ആരോപണങ്ങളെല്ലാം പ്രതികള്‍ നിഷേധിച്ചു. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. കുറ്റം തെളിയിക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ല. മൂന്നുവര്‍ഷമായി കസ്റ്റഡിയിലാണ്. അന്വേഷണം പൂര്‍ത്തിയായി.

വിചാരണ തുടങ്ങാന്‍ സമയമെടുക്കുമെന്നത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഹര്‍ജിക്കാര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് വിലയിരുത്തി ജാമ്യാപേക്ഷ കോടതി തള്ളി.

Content Highlights: NIA reports PFI prepared a hit list of 977, including a former Kerala judge