രാജ്യത്ത് 51 ലക്ഷം തൊഴിലാളികൾക്ക് കൂടി പുതിയ ആനുകൂല്യം; ലക്ഷ്യം കൂടുതൽപേർക്ക് പിഎഫ് സുരക്ഷയെന്ന് കമ്മിഷണർ

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

കൊച്ചി: നിർബന്ധിത പ്രോവിഡന്റ് ഫണ്ട് പരിരക്ഷയ്കുള്ള വേതനപരിധി 25,000 ആക്കി ഉയർത്തിയതോടെ രാജ്യത്ത് 51 ലക്ഷം തൊഴിലാളികൾക്കുകൂടി സുരക്ഷയും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് കൊച്ചി കേന്ദ്രത്തിന്റെ കൂടി ചുമതല വഹിക്കുന്ന തിരുവനന്തപുരം പി.എഫ്. കമ്മിഷണർ എസ്. അഴകിയ മണവാളൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പി.എഫ്. സംവിധാനത്തിലേക്ക് കൂടുതൽപേര എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്രത്തിന്റെ കീഴിൽ 1,15,245 പെൻഷൻകാരുണ്ട്. പി.എഫിന്റെ ചില കാര്യങ്ങളിൽ കാലതാമസമുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനവധി ആളുകളുടെ പെൻഷൻ കാര്യങ്ങളുടെ പ്രോസസിങ് കംപ്യൂട്ടർ സംവിധാനത്തിലാണ് നടക്കുന്നത്. സോഫ്റ്റ്‌വേർ പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാലതാമസത്തിന് കാരണം. അതു വൈകാതെ പരിഹരിക്കുമെന്നും അഴകിയ മണവാളൻ പറഞ്ഞു.

പുതിയതായി ജോലിനേടുന്നവർക്കും അവരുടെ തൊഴിലുടമകൾക്കും ഇപ്പോൾ പി.എം.വി.ബി.ആർ.വൈ. (പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന) പദ്ധതിയിലൂടെ സാമ്പത്തികസഹായം ലഭിക്കുന്നുണ്ട്. രണ്ടു വർഷം കൊണ്ട് രാജ്യത്ത് 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

വിശ്വാസ് പദ്ധതി

പിഴയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീർപ്പാക്കാൻ സ്ഥാപനങ്ങൾക്ക് അവസരം നൽകുന്ന വിശ്വാസ് 2026 എന്ന പദ്ധതിക്കായി ഡിസംബർ വരെ അപേക്ഷിക്കാം. പി.എഫ്. പരിരക്ഷയിൽ ഉൾപ്പെടാതെപോയ ജീവനക്കാരെ എൻറോൾ ചെയ്യാൻ കാംപെയ്ൻ നടക്കുന്നുണ്ട്. ഒക്ടോബർ 31 ആണ് അവസാനതീയതി. കരാർത്തൊഴിലാളികൾക്കുകൂടി പി.എഫ്. പരിരക്ഷ നൽകാൻ ശ്രമിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് വഴി നിർദേശം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.

Content Highlights: The Provident Fund wage ceiling has been increased to Rs 25,000, extending crucial social security benefits to an additional 51 million workers across the country.