പെട്ടിമുടി: ഉയിരെടുത്ത മണ്ണ്, ഉണങ്ങാത്ത മുറിവ്; ഓർമ്മകൾ മായാതെ അഞ്ചാണ്ട്

ഇടുക്കി, പെട്ടിമുടിയിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയം ഉണ്ടായിരുന്ന സ്ഥലം, ഉരുൾപൊട്ടലിന് ശേഷമുള്ള ദൃശ്യം | File Photo
ഇടുക്കി, പെട്ടിമുടിയിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയം ഉണ്ടായിരുന്ന സ്ഥലം, ഉരുൾപൊട്ടലിന് ശേഷമുള്ള ദൃശ്യം | File Photo

മൂന്നാർ : 2020 ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയുള്ള മലമുകളിൽ ഉരുൾപൊട്ടിയത്. ഇതേത്തുടർന്ന് നാല് തൊഴിലാളിലയങ്ങൾ പൂർണമായി മണ്ണിനടിയിലായി. 22 കുടുംബങ്ങളിൽനിന്നായി 70 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 19 ദിവസം നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ 64 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിന്നീട് ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. കൂടാതെ കുറ്റിയാർവാലിയിൽ എട്ടുപേർക്ക് അഞ്ചുസെന്റ് വീതം ഭൂമിയും നൽകി. ഇവിടെ കെഡിഎച്ച്പി കമ്പനി വീട് നിർമിച്ചുനൽകി.

നാടിന്റെ ഹൃദയം തകർത്ത ദുരന്തം

ഒറ്റരാത്രിയിൽ പെയ്തിറങ്ങിയ ദുരന്തം പെട്ടിമുടിയെ ശവപ്പറമ്പാക്കി. ഉരുൾപൊട്ടലിൽ 70 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നാടിന്റെ ഹൃദയം തകർത്ത ആ ദുരന്തത്തിന്റെ ഓർമ്മയ്ക്ക് ബുധനാഴ്ച അഞ്ച് വയസ്സ്. മുരുകേശനും ഭാര്യക്കും മകനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോൾ പെട്ടിമുടിയിൽ കമ്പനി കാന്റീൻ നടത്തുകയാണ്.

ദുരന്തത്തിൽ പളനിയമ്മയ്ക്ക് ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ടു. എന്നാൽ ഇവർ കിടപ്പുരോഗിയായിമാറി. രക്ഷപ്പെട്ട മകൻ ദീപൻ ചക്രവർത്തിക്ക് വനം വകുപ്പിൽ താത്കാലിക ജോലിലഭിച്ചു. രാജമലയിൽ താമസിക്കുന്ന കറുപ്പായിക്ക് ദുരന്തത്തിൽ ഭർത്താവിനെയും രണ്ട് പെൺമക്കളെയും നഷ്ടപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മകൾ സീതാലക്ഷ്മി കിടപ്പിലായി. കറുപ്പായിക്കും അന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.

മാലയമ്മ, സരസ്വതി, പ്രേമ, പൗൻതായി, ചുടലമണി തുടങ്ങിയവരും രക്ഷപ്പെട്ടിരുന്നു. സരസ്വതിയും പ്രേമയും ഇപ്പോൾ തമിഴ്നാട്ടിലാണ്. ചുടലമണിയുടെ അച്ഛൻ അച്യുതൻ ദുരന്തത്തിൽ മരിച്ചു. വനംവകുപ്പിലെ അദ്ദേഹത്തിന്റെ ജോലി ചുടലമണിക്ക് കിട്ടി. മാലയമ്മ ഇപ്പോൾ രാജമല ഡിവിഷനിൽ തോട്ടത്തിൽ ജോലിചെയ്യുന്നു.

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ പെട്ടിമുടിയുടെ ആകാശദൃശ്യം.

വല്യച്ഛന്റെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴാണ് മൂന്നാറിൽ താമസിക്കുന്ന ഷൺമുഖനാഥന്റെ രണ്ട് ആൺമക്കൾ ദുരന്തത്തിൽപ്പെട്ടത്. മാനസികമായി തകർന്ന ഷണ്മുഖനാഥൻ ഏറെ നാളുകൾക്കുശേഷമാണ് സാധാരണനിലയിലായത്. മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോപികയും സഹോദരി ഹേമലതയും അന്ന് തിരുവനന്തപുരത്തെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു. അതിനാൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. അച്ഛൻ ഗണേശനും അമ്മ തങ്കവും വീടും എല്ലാം അവർക്ക് നഷ്ടപ്പെട്ടു. പഠനം തുടർന്ന ഗോപിക എംബിബിഎസ് മൂന്നാംവർഷ വിദ്യാർഥിനിയാണ്. ഹേമലത എൻവയൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട അന്നലക്ഷ്മിയും ശരണ്യയും അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. ഇരുവരും ഇപ്പോൾ പഠനം തുടരുന്നുണ്ട്. ദുരന്തത്തിൽ അമ്മയെയും മകനെയും നഷ്ടപ്പെട്ട ആർ. റെജിമോൻ ഇപ്പോൾ സാധാരണനിലയിലേക്കെത്തിയിട്ടുണ്ട്.

താമസത്തിന് പെട്ടിമുടി സുരക്ഷിതമല്ലാതായതോടെ ഇവിടെയുള്ള എല്ലാവരേയും ഒഴിപ്പിച്ചു. അന്നുണ്ടായിരുന്ന മൂന്ന് സൂപ്പർവൈസർമാരുടെ കുടുംബവും അപകടത്തിൽനിന്ന് രക്ഷപ്പെട്ട മുരുകേശന്റെ കുടുംബവും ദുരന്തഭൂമിയിൽനിന്ന് കുറച്ചകലെയായി താമസിക്കുന്നു.

ആറ് മാസം പ്രായമായ കുഞ്ഞടക്കം ദുരന്തത്തിൽ മരിച്ച 66 പേരെയും പെട്ടിമുടിക്കുസമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് അടക്കിയത്. എല്ലാ വാർഷികത്തിനും പ്രിയപ്പെട്ടവരുടെ കല്ലറയിലെത്തി ബന്ധുക്കൾ പ്രാർഥിക്കാറുണ്ട്.

Content Highlights: Pettimudi Landslide: Fifth Anniversary of Tragedy and Remembrance