തിരുവനന്തപുരത്ത് പെട്രോൾ ടാങ്കർ മറിഞ്ഞ് അപകടം; വാമനപുരം ആറ്റില്‍ ഇന്ധനം കലർന്നു | VIDEO

#സ്വന്തം ലേഖകൻ
അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്
അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്ന്

കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാമനപുരം ആറ്റില്‍ പെട്രോള്‍ കലര്‍ന്നു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ടാങ്കര്‍ ലോറിയാണ് മണലയത്ത് പച്ചയില്‍ വച്ച് കുഴിയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. 

അപകടത്തിൽ എറണാകുളം സ്വദേശികളായ ഡ്രൈവർ അനുരാജ് ക്ലീനര്‍ ബിനു എന്നിവർക്ക് പരിക്കേറ്റു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഴിയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ടാങ്കറില്‍ നിന്ന് പെട്രോള്‍ ചെറുതായി ലീക്ക് ചെയ്യുന്നുണ്ടായിരുന്നു. റോഡിന് സമീപത്തോടെ ഒഴുകുന്ന തോട്ടില്‍ പൊട്രോള്‍ കലരുകയും അതുവഴി വാമപുരം ആറ്റിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം എത്തുകയുമായിരുന്നു. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ടാങ്കര്‍. ടാങ്കറില്‍ നിന്നും ചേര്‍ച്ചയുള്ള പെട്രോള്‍, ഡീസല്‍ ബക്കറ്റ് ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോര്‍ച്ച പാരിസ്ഥിക പ്രശ്‌നമായി മാറിയത്. ലോറി ഉയര്‍ത്തിയ ശേഷം ഒന്നുകില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും നീക്കം ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. അല്ലെങ്കില്‍ ടാങ്കറില്‍ നിന്നും ഇന്ധനം മറ്റൊരു ടാങ്കറിലേയ്ക്ക് മാറ്റാനുള്ള മുന്നോരുക്കവും നടത്തുന്നുണ്ട്.

Content Highlights: petrol tanker accident thiruvananthapuram